ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.
അയ്യപ്പ സംഗമത്തിന് വേണ്ടി സർക്കാർ നിധിയോ ദേവസ്വം ബോർഡിന്റെ പണമോ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി മുമ്പ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഫണ്ട് വിനിയോഗത്തിൽ ദേവസ്വം ബോർഡിന് വീഴ്ച പറ്റിയെന്നും, സംഗമത്തിനായി സർക്കാർ പണം ഉപയോഗിക്കരുതെന്ന കോടതി ഉത്തരവ് ലംഘിക്കപ്പെട്ടുവെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സംഗമച്ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താമെന്നായിരുന്നു ബോർഡിന്റെ നിലപാട്. ആഗോള അയ്യപ്പ സംഗമത്തിന് ഏകദേശം എട്ട് കോടി രൂപ ചെലവാകുമെന്ന് ദേവസ്വം മന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ സ്പോൺസർഷിപ്പിലൂടെ എത്ര തുക സമാഹരിച്ചുവെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ നിന്നാണ് 3.4 കോടി രൂപ വിനിയോഗിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്.ഐ.ടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് പരാമർശമുണ്ടെന്ന് സൂചനയുണ്ട്.
