പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. പ്രസംഗിക്കാൻ വിളിക്കുന്നതിൽ ഉണ്ടായ താമസത്തിൽ അസന്തോഷം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ എം.പി വേദിയിൽ വെച്ച് തന്നെ നീരസം പ്രകടിപ്പിച്ചു.
ജാഥാ ക്യാപ്റ്റനായ വി.ഡി. സതീശൻ സംസാരിക്കുന്നതിന് മുമ്പ് ഷാഫി പറമ്പിൽ പ്രസംഗിക്കേണ്ടതായിരുന്നു. എന്നാൽ അധ്യക്ഷൻ സതീശനെ നേരിട്ട് പ്രസംഗിക്കാൻ ക്ഷണിച്ചതാണ് വിവാദത്തിന് വഴിവെച്ചത്.
സതീശൻ മൈക്കിനരികിലേക്ക് എത്തിയതിന് പിന്നാലെ ഷാഫിയെ വിളിക്കാൻ അധ്യക്ഷൻ ശ്രമിച്ചെങ്കിലും, “വിളിച്ചു കഴിഞ്ഞിട്ടാണോ തന്നെ വിളിക്കുന്നത്?” എന്ന് ചോദിച്ച് ഷാഫി അതൃപ്തി അറിയിച്ചു. സതീശന്റെ പ്രസംഗത്തിന് ശേഷം സംസാരിക്കാൻ അവസരം നൽകിയെങ്കിലും, “പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റ്യാടിയും എണ്ണിക്കോളൂ” എന്നൊരു വാചകത്തിൽ പ്രസംഗം ഒതുക്കി അദ്ദേഹം വേദി വിട്ടു.
അതേസമയം, സംഭവത്തിൽ യാതൊരു പരിഭവവും ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം. സമയം വൈകിയതിനാൽ പ്രസംഗിക്കില്ലെന്ന് ഷാഫി തന്നെയാണ് അറിയിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പ്രതികരിച്ചു. പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിയതിനെ തുടർന്ന് ഉണ്ടായ ചെറിയ ആശയക്കുഴപ്പം മാത്രമാണിതെന്നും അധ്യക്ഷനായിരുന്ന പ്രമോദ് കക്കട്ടിൽ വ്യക്തമാക്കി.
