ഒ.വി. വിജയന്‍ സ്മാരകത്തില്‍ കെ.സി. വേണുഗോപാല്‍ എംപി; വിദ്യാര്‍ത്ഥി എഴുത്തുകാരുമായി സംവാദം

ആധുനിക മലയാള സാഹിത്യത്തിന്റെ നിര്‍ണായക ശബ്ദങ്ങളിലൊരാളായ ഒ.വി. വിജയന്റെ ഓര്‍മ്മകള്‍ സജീവമായി നിലനില്‍ക്കുന്ന തസ്രാക്കില്‍, സാഹിത്യവും പുതുതലമുറയും തമ്മിലുള്ള അപൂര്‍വ കൂടിക്കാഴ്ചയ്ക്ക് വേദിയായി. തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകം സന്ദര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറിയും അലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാല്‍, പാലക്കാട് ജില്ലയിലെ ഭീമനാട് യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

‘ഖസാക്കിന്റെ ഇതിഹാസം’ എന്ന മഹത്തായ നോവലിന് പ്രചോദനമായ ഭൂമിയില്‍, അതേ കൃതിയെ ആഴത്തില്‍ വായിച്ചു മനസ്സിലാക്കിയ കുട്ടികളെ കാണാന്‍ കഴിഞ്ഞത് സന്തോഷകരമാണെന്ന് എംപി അഭിപ്രായപ്പെട്ടു.

കുട്ടി എഴുത്തുകാരുടെ വലിയ സംവാദം പുരസ്‌കാര ജേതാക്കളായ വിദ്യാര്‍ത്ഥിനികള്‍ സാനയും അതുഫയും എംപിയുമായി സംവദിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അതുഫ, കുട്ടികളുടെ പ്രസിദ്ധീകരണമായ യൂറീക്ക യുടെ സ്റ്റുഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചതിനും, സ്വന്തം ജീവിതാനുഭവങ്ങളെ ആധാരമാക്കി ചെറുകഥകള്‍ എഴുതുന്നതിനും പ്രത്യേക അഭിനന്ദനം നേടി. ”ജീവിതത്തില്‍ നിന്നുള്ള എഴുത്താണ് ഒരുപാട് കാലം നിലനില്‍ക്കുന്നത്” എന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.

വിദ്യാര്‍ത്ഥിനിയായ ശിവദയ്ക്ക് ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന കൃതിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് എംപിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. നോവലിലെ കഥാപാത്രങ്ങളും ചിന്താധാരയും സാമൂഹിക പശ്ചാത്തലവും സംബന്ധിച്ച അവളുടെ വിശദീകരണങ്ങള്‍ കേട്ട എം.പി., ഒ.വി. വിജയന്റെ കൃതികള്‍ പുതിയ തലമുറയിലും വായനക്കാരെ സൃഷ്ടിക്കുന്നുവെന്നതിന് ഇത് തെളിവാണെന്ന് പറഞ്ഞു.

സ്മാരകം നടത്തിപ്പുകാരായ ഒ.വി. വിജയന്‍ സ്മാരക സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങളെ എംപി പ്രശംസിച്ചു. ഒ.വി. വിജയന്റെ സാഹിത്യപാരമ്പര്യവും ഖസാക്കിന്റെ ഇതിഹാസവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതില്‍ സ്മാരകം കാര്യക്ഷമമായ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”ഇത് വെറും കെട്ടിടമല്ല. വായനയും സംവാദവും തുടരുന്ന ജീവിച്ചിരിക്കുന്ന സ്മാരകമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സര്‍ക്കാര്‍ സ്ഥാപിച്ച ഒ.വി. വിജയന്‍ സ്മാരകം 2015-ല്‍ അന്നത്തെ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തതാണ്. ഒ.വി. വിജയന്റെ ജീവിതവും രചനകളും ഖസാക്കിന്റെ സാഹിത്യലോകവും പരിചയപ്പെടുത്തുന്ന ഈ കേന്ദ്രം ഇന്ന് വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക