രാഷ്ട്രീയ അശാന്തിയുമായി ബന്ധപ്പെട്ട കേസുകളിൽ ജയിലിലായിരിക്കുന്ന വ്യക്തികൾക്ക് ഉടൻ മാപ്പ് നൽകുന്നതിനായി വെനിസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗ്രസ് പൊതുമാപ്പ് നിയമത്തിൽ ഒപ്പുവച്ചു. വ്യാഴാഴ്ച ഒപ്പുവച്ച ഈ നിയമം, ഇടക്കാല പ്രസിഡന്റായി നിയമിതയായതിനു പിന്നാലെ ജനുവരിയിൽ തന്നെ അവർ ഔദ്യോഗികമായി നിർദേശിച്ചിരുന്നതാണ്.
അമേരിക്കൻ സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയ പശ്ചാത്തലത്തിലാണ് റോഡ്രിഗസ് അധികാരമേറ്റത്. മയക്കുമരുന്ന് ഭീകരത, കൊക്കെയ്ൻ കടത്ത്, തോക്ക് കുറ്റകൃത്യങ്ങൾ തുടങ്ങിയ കുറ്റങ്ങൾ യുഎസ് ചുമത്തിയിട്ടുണ്ടെങ്കിലും, മഡുറോ ഇവയെല്ലാം നിഷേധിച്ചിരിക്കുകയാണ്.
റോഡ്രിഗസിന്റെ നിയമനത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. “ശരിയായ തീരുമാനം എടുത്തില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ആദ്യ പ്രതികരണത്തിൽ “ഒരു വിദേശ ഏജന്റും വെനിസ്വേലയെ നിയന്ത്രിക്കില്ലെന്ന് പ്രഖ്യാപിച്ച റോഡ്രിഗസ്, പിന്നീട് അമേരിക്ക ഉന്നയിച്ച ചില ആവശ്യങ്ങളുമായി സഹകരിക്കാൻ തയ്യാറായതായാണ് റിപ്പോർട്ടുകൾ.
വെനിസ്വേലയിലെ എണ്ണമേഖല അമേരിക്കൻ കമ്പനികൾക്ക് തുറന്നുകൊടുക്കുന്നതും സുരക്ഷാ രംഗത്ത് സഹകരിക്കുന്നതുമാണ് പ്രധാന ആവശ്യങ്ങൾ. 1999 മുതൽ 2026 വരെയുള്ള കാലയളവാണ് പുതിയ പൊതുമാപ്പ് നിയമം ഉൾക്കൊള്ളുന്നത്. 2002-ൽ അന്തരിച്ച മുൻ പ്രസിഡന്റ് ഹ്യുഗോ ഷാവേസിനെതിരായ അട്ടിമറി ശ്രമവും തുടർന്നുണ്ടായ എണ്ണ പണിമുടക്കും മുതൽ 2024-ൽ മഡുറോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെതിരായ പ്രതിഷേധങ്ങൾ വരെ ഉൾപ്പെടെയുള്ള സംഭവങ്ങളാണ് നിയമപരിധിയിൽ വരുന്നത്.
