നയപ്രഖ്യാപന വിവാദം: ഗവർണറുടെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ

നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ താൻ വായിക്കാതെ വിട്ട ഭാഗങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന ഗവർണറുടെ അസാധാരണ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. താൻ സഭയിൽ വായിച്ച ഭാഗങ്ങൾ മാത്രമേ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടാവൂ എന്ന് വ്യക്തമാക്കിക്കൊണ്ട് ഗവർണർ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.

എന്നാൽ, ഈ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും നിലവിലുള്ള നിയമസഭാ കീഴ്വഴക്കങ്ങളിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. അതിനാൽ, ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടെയുള്ള പൂർണ്ണരൂപം തന്നെയാകും നിയമസഭയുടെ ഔദ്യോഗിക രേഖകളിൽ നയപ്രഖ്യാപനമായി തുടരും.

മന്ത്രിസഭ അംഗീകരിച്ച് നൽകുന്ന കരട് രേഖയാണ് ഗവർണർ സഭയിൽ അവതരിപ്പിക്കുന്നതെന്നും അത് ഗവർണറുടെ വ്യക്തിപരമായ അഭിപ്രായമല്ല, സർക്കാരിന്റെ നയങ്ങളാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. നയപ്രഖ്യാപനത്തിലെ ഏതെങ്കിലും വിഷയത്തിൽ ഗവർണർക്ക് ഭിന്നാഭിപ്രായം ഉണ്ടെങ്കിൽ അത് മുൻകൂട്ടി മുഖ്യമന്ത്രിയെ അറിയിക്കുന്നതായിരുന്നു പതിവ് രീതിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇത്തവണ ഒഴിവാക്കിയ ഭാഗങ്ങളെക്കുറിച്ച് കത്തിലൂടെയോ നേരിട്ടോ ഗവർണർ സർക്കാരിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുൻകാലങ്ങളിലും ഗവർണർമാർ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, അവ ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നിട്ടില്ലെന്നാണ് സർക്കാരിന്റെ നിലപാട്. അത്തരമൊരു നടപടി അംഗീകരിക്കുകയാണെങ്കിൽ ഭരണഘടനാപരമായ കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമായ സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

സർക്കാരിന്റെ നിലപാടിന് സഭ അംഗീകാരം നൽകിയതോടെ ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക