ട്വൻറി 20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ 72 റൺസിന് സിംബാബ്വെയെ കീഴടക്കി സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടി. മറുപടിയായി സിംബാബ്വെ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ ഒതുങ്ങി. അടുത്ത സൂപ്പർ 8 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് സെമിയിലേക്ക് കടക്കാം.
ഇരുടീമുകൾക്കും നിലവിൽ രണ്ട് പോയിന്റ് വീതമുണ്ടെങ്കിലും മികച്ച നെറ്റ് റൺറേറ്റിന്റെ കരുത്തിൽ വിൻഡീസ് രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന് 48 റൺസ് നേടി മികച്ച തുടക്കം സമ്മാനിച്ചു.
സഞ്ജു 15 പന്തിൽ 24 റൺസ് നേടി മിന്നൽ തുടക്കം നൽകി. രണ്ട് സിക്സറും ഒരു ഫോറും ഉൾപ്പെട്ട ഇന്നിങ്സായിരുന്നു അത്. എന്നാൽ മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാൻ സാധിക്കാതെ സഞ്ജു പുറത്തായി. അഭിഷേക് ശർമ്മ 30 പന്തിൽ 55 റൺസ് നേടി ഫോമിലേക്ക് തിരിച്ചെത്തി. ഇഷാൻ കിഷൻ (24 പന്തിൽ 38), സൂര്യകുമാർ യാദവ് (13 പന്തിൽ 33) എന്നിവരും നിർണായക സംഭാവന നൽകി.
വാലറ്റത്ത് ഹർദിക് പാണ്ട്യ (23 പന്തിൽ 50), തിലക് വർമ്മ (16 പന്തിൽ 44) എന്നിവർ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ 250 കടത്തിയത്. ലോകകപ്പിൽ ഇന്ത്യയുടെ ഉയർന്ന സ്കോറായും ഇത് മാറി. 256 റൺസിന്റെ വലിയ ലക്ഷ്യത്തെ പിന്തുടർന്ന സിംബാബ്വെ പൊരുതി. ഓപ്പണർ ബ്രയാൻ ബെനെറ്റ് 59 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്നു. എന്നാൽ ഇന്ത്യൻ ബൗളർമാർ മത്സരത്തിന്റെ നിയന്ത്രണം കൈവിട്ടില്ല.ആര്ഷദീപ് സിങ് 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു.
ടീമിലെ മാറ്റങ്ങൾ
മത്സരത്തിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയതും അക്സർ പട്ടേൽ ടീമിൽ ഇടം നേടിയതും ഇന്ത്യയ്ക്ക് ശക്തി കൂട്ടി. സെമി സാധ്യത നിലനിർത്താൻ ജയമെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യ നിർണായക വിജയമാണ് സ്വന്തമാക്കിയത്.
