വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കേണ്ട സമയത്ത്, മഹാദുരന്തത്തെയും രാഷ്ട്രീയ ലാഭത്തിനും ധനശേഖരണത്തിനും ഉപകരണമാക്കുന്ന കോണ്‍ഗ്രസ് നിലപാട് ശക്തമായി പ്രതിഷേധിക്കപ്പെടേണ്ടതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ആരോപിച്ചു.
ദുരന്തബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ച് കോടികള്‍ സമാഹരിച്ചിട്ടും 19 മാസം കഴിഞ്ഞിട്ടും ഒരു കല്ല് മാത്രമാണ് സ്ഥാപിച്ചതെന്നും ഇതിലൂടെ ജനങ്ങളെ വഞ്ചിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് സമീപിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ നടത്തുന്ന കല്ലിടല്‍ പരിപാടികള്‍ രാഷ്ട്രീയ നാടകമെന്നതില്‍ ആര്‍ക്കും സംശയമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കേണ്ടതില്ലെന്ന പ്രിയങ്കാ ഗാന്ധിയുടെ നിലപാട് കേരളത്തോടുള്ള പരസ്യ വെല്ലുവിളിയാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് പ്രയോഗിക്കുന്നതെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെ മന്ത്രി കൂട്ടിച്ചേർത്തു.
