മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; 178 കുടുംബങ്ങൾക്ക് വീട് കൈമാറി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അതിജീവനയാത്രയുടെ 579-ാം ദിവസമായ ഇന്ന് ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറി.

അടുത്ത മഴക്കാലത്തിന് മുമ്പ് മുഴുവൻ ദുരന്തബാധിതർക്കും വീട് ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പുതിയ വീടുകളിലേക്ക് മാറുന്ന കുടുംബങ്ങൾക്ക് അത്യാവശ്യ ഫർണിച്ചറുകളും സർക്കാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

“ഒരുമിച്ച് ജീവിച്ചവരാണ് ഞങ്ങൾ, ഒരുമിച്ച് കഴിയാനാണ് ആഗ്രഹം” എന്ന ദുരിതബാധിതരുടെ ആവശ്യം മാനിച്ചാണ് ടൗൺഷിപ്പ് ആശയത്തിന് രൂപം നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി പൂർത്തിയാക്കുന്നതിൽ സർക്കാരിന് ഒരിക്കലും സംശയം ഉണ്ടായിരുന്നില്ലെന്നും എല്ലാ തലങ്ങളിലും പിന്തുണയും സഹകരണവും ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

13 പട്ടികവർഗ കുടുംബങ്ങൾക്ക് മേപ്പാടിയിൽ അഞ്ച് ഏക്കർ ഭൂമി അനുവദിച്ചതായും അതിന്റെ പട്ടയം ഇന്ന് കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് ചിലർ ആഹ്വാനം ചെയ്തതിനെ മുഖ്യമന്ത്രി വിമർശിച്ചു.

തുടക്കം മുതൽ തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ എതിർക്കുന്ന സമീപനമാണ് ചിലർ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ചിലർ വൈരാഗ്യബുദ്ധിയോടെ ഇടപെട്ടുവെന്നും ചില മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തിയതായും അദ്ദേഹം പറഞ്ഞു.

എന്നാൽ ദുരിതാശ്വാസ നിധിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വലിയ സംഭാവനകളാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വ്യക്തികളും സംഘടനകളും സഹായഹസ്തം നീട്ടിയതായി അദ്ദേഹം വ്യക്തമാക്കി. കൂടാതെ കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് സർക്കാരുകളും സഹായം നൽകിയതായി അറിയിച്ചു.

വായ്പ എഴുതിത്തള്ളൽ; സംസ്ഥാനത്തിന്റെ ഇടപെടൽ

ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇടപെട്ട് നടപടി സ്വീകരിച്ചതെന്നും ഇതിനായി 18 കോടിയിലധികം രൂപ അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പദ്ധതി നടപ്പാക്കുന്നതിൽ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ പോലും വിമർശനങ്ങൾ ഉയർന്നതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ടൗൺഷിപ്പ് നിർമാണത്തിൽ പ്രവർത്തിച്ച തൊഴിലാളികളെയും ജില്ലാ കളക്ടർ മേഘശ്രീയെയും അദ്ദേഹം അഭിനന്ദിച്ചു.

ദുരന്തബാധിതർക്ക് സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക