ഇസ്രായേലിന്റെയും അമേരിക്കയുടെയും വിദേശനയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. “കയ്യൂക്കുള്ളവൻ കാര്യക്കാരൻ” എന്ന വന്യജീവി രീതിയാണ് ഇന്നത്തെ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പ്രാബല്യത്തിൽ വരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി മോദിയും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും ഇരട്ടപ്പെറ്റ സഹോദരങ്ങളെപ്പോലെയാണെന്ന് വിമർശിച്ച അദ്ദേഹം, ആക്രമണവും കീഴടക്കലുമാണ് അമേരിക്കയും ഇസ്രായേലും സ്വീകരിക്കുന്ന രീതിയെന്നും പറഞ്ഞു.
അമേരിക്കയ്ക്ക് വിധേയമായിരുന്ന ഷാ ഭരണത്തിനെതിരെ ഇറാനിൽ ജനമുന്നേറ്റം ഉണ്ടായതും തുടർന്ന് പുതിയ സർക്കാർ അധികാരത്തിലെത്തിയതും അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ ഇറാൻ, പഴയ ഭരണകാലത്തെ പോലെ അമേരിക്കയുടെ കീഴ്വഴക്കം അംഗീകരിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രകോപനവും ഇല്ലാതെ ഇറാനെതിരെ ആക്രമണം നടത്തുകയും രാജ്യത്തിന്റെ പരമോന്നത നേതാവായ ആയത്തുള്ള ഖമനേയിയെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു. ഒരു സ്വതന്ത്ര രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയെ ഇല്ലായ്മ ചെയ്യാൻ അമേരിക്കയ്ക്ക് എന്ത് ന്യായീകരണമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശം വയ്ക്കുന്ന രാജ്യം മറ്റുള്ളവർക്ക് ആയുധം പാടില്ലെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു.
അമേരിക്കയുടെ ഇറാനിലെ നടപടികളെ അപലപിക്കാത്ത നിലപാട് സ്വീകരിക്കുന്ന മോദിയും നെതന്യാഹുവും ഒരേ നിലപാടിലാണ് നിന്നിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നെതന്യാഹുവിനെ ചേർത്ത് പിടിക്കുന്ന മോദിയുടെ ദൃശ്യങ്ങളാണ് ലോകം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള വിദേശനയ സമീപനം രാജ്യത്തിന് അപമാനകരമാണെന്നും, അത് ചില രാഷ്ട്രീയ സംഘടനകൾക്ക് അഭിമാനകരമായി തോന്നാമെങ്കിലും ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് ഹാനികരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂടാതെ, ഈ നയത്തിന് തുടക്കം കുറിച്ചത് കോൺഗ്രസാണെന്നാരോപിക്കുകയും ചെയ്തു.
