വീണ്ടുമൊരു ചികിത്സാ പിഴവ് കൂടി ; ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റിൽ വെച്ച് തുന്നിക്കെട്ടി

സംസ്ഥാനത്ത് വീണ്ടും ഒരു ചികിത്സാ പിഴവ് സംബന്ധിച്ച പരാതി ഉയർന്നിരിക്കുകയാണ്. തിരുവനന്തപുരം കഴക്കൂട്ടത്തെ സി.എസ്.ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നത്. മേനകുളം സ്വദേശിയായ ഷീബ പ്രമോദാണ് പരാതി നൽകിയിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കുശേഷം രോഗിയുടെ വയറ്റിനുള്ളിൽ തുണിക്കഷണം വെച്ച് തുന്നിയതായാണ് കുടുംബത്തിന്റെ ആരോപണം.

ഡിസംബർ 3-നാണ് ഷീബ പ്രമോദ് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. നടത്തിയ സ്കാനിംഗിൽ അപ്പൻഡിസൈറ്റിസ് പൊട്ടി പഴുത്ത നിലയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നിർദേശിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം ഡിസംബർ 12-ന് ഷീബയെ ഡിസ്ചാർജ് ചെയ്തു. എന്നാൽ മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ തുടരുകയും വേദനയും കുറഞ്ഞില്ലെന്നും കുടുംബം പറയുന്നു.

മൂന്ന് മാസം കഴിഞ്ഞിട്ടും വയറുവേദന മാറാത്തതിനാൽ ഷീബ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ പത്ത് ദിവസം ചികിത്സയിൽ കഴിഞ്ഞപ്പോഴാണ് വയറ്റിനുള്ളിൽ തുണിക്കഷണം ഉള്ളതായി കണ്ടെത്തിയത്. ഈ വിവരം ശസ്ത്രക്രിയ നടത്തിയ ഡോക്ടറോട് അറിയിച്ചപ്പോൾ അദ്ദേഹം ആരോപണം നിഷേധിക്കുകയും, മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയ സമയത്തായിരിക്കാം സംഭവം ഉണ്ടായതെന്ന് വിശദീകരണം നൽകുകയും ചെയ്തു.

എന്നാൽ സ്കാനിങ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ കാണിച്ചതിനെ തുടർന്ന് സി.എസ്.ഐ ആശുപത്രി പണം വാങ്ങാതെ വീണ്ടും ശസ്ത്രക്രിയ നടത്തി തുണിക്കഷണം പുറത്തെടുക്കാമെന്ന് അറിയിച്ചതായി കുടുംബം പറയുന്നു. പിന്നീട് നടത്തിയ ശസ്ത്രക്രിയയിൽ വയറ്റിനുള്ളിൽ പിൻ ചെയ്ത നിലയിലായിരുന്ന തുണിക്കഷണം പുറത്തെടുത്തു.

സംഭവത്തെ തുടർന്ന് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കഴക്കൂട്ടം പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക