ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലേക്കും മത്സ്യം വിതരണം ചെയ്യാൻ മത്സ്യഫെഡ് തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് Kerala Prisons and Correctional Services Departmentഉം മത്സ്യഫെഡും തമ്മിൽ ധാരണയിലെത്തി. സംസ്ഥാനത്തെ 57 ജയിലുകളിലേക്കാണ് മത്സ്യം എത്തിക്കുക.
പുതിയ സംവിധാനപ്രകാരം തടവുകാർക്കുള്ള ഭക്ഷണമെനുവിൽ ആഴ്ചയിൽ രണ്ട് ദിവസം മത്സ്യവിഭവം ഉൾപ്പെടുത്തും. ലഭ്യതക്കുറവ് കാരണം ചില സമയങ്ങളിൽ ജയിലുകളിൽ മത്സ്യം നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മത്സ്യഫെഡിന് വിതരണ ചുമതല ഏൽപ്പിച്ചതോടെ ഹാർബറിൽ നിന്ന് നേരിട്ട് ജയിലുകളിലേക്ക് മത്സ്യം എത്തിക്കാനാകും.
വിതരണത്തിനായി ശീതീകരണ സൗകര്യമുള്ള എട്ട് വാഹനങ്ങൾ മത്സ്യഫെഡ് ഉപയോഗിക്കും. മത്സ്യഫെഡ് ജയിൽ വകുപ്പിന് നൽകിയ 25 മത്സ്യങ്ങളുടെ പട്ടികയിൽ നിന്ന് മത്തി, അയല, ചൂര എന്നിവയാണ് നിലവിൽ അംഗീകരിച്ചിരിക്കുന്നത്. ഇവ കറിക്കായി കഷണങ്ങളാക്കി ജയിലുകളിലേക്ക് എത്തിക്കും.
ഇതിനു പുറമേ ജയിലുകളിലെ കൗണ്ടറുകളിലേക്ക് മീൻ അച്ചാർ, ഉണക്കച്ചെമ്മീൻ അച്ചാർ തുടങ്ങിയ ഉൽപ്പന്നങ്ങളും മത്സ്യഫെഡ് നൽകുന്നുണ്ട്. ഇവ പൊതുജനങ്ങൾക്കും വാങ്ങാൻ കഴിയും.
ജയിലുകളിലേക്ക് മത്സ്യം വിതരണം ചെയ്യുന്നതിലൂടെ മത്സ്യഫെഡിന്റെ വരുമാനം കൂടി വർധിക്കുമെന്നാണ് എം.ഡി ഡോ. പി. സഹദേവൻ വ്യക്തമാക്കിയത്.
