എല്ലാ രാജ്യങ്ങൾക്കും റഷ്യൻ എണ്ണ വാങ്ങാൻ യുഎസ് അനുമതി ; ക്രൂഡ് ഓയിൽ വില കുറഞ്ഞു

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളോട് സ്വീകരിച്ചിരുന്ന കടുത്ത നിലപാടിൽ ഇളവ് വരുത്തി അമേരിക്ക. കടലിൽ കപ്പലുകളിൽ കെട്ടിക്കിടക്കുന്ന റഷ്യൻ എണ്ണ ലോക രാജ്യങ്ങൾക്കു വാങ്ങാൻ അനുമതി നൽകാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചതായി ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് അറിയിച്ചു. 30 ദിവസത്തേക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.

യുദ്ധ പശ്ചാത്തലത്തിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതോടെയാണ് അമേരിക്കയുടെ നിലപാടിൽ മാറ്റം വന്നത്. എന്നാൽ ഇത് താൽക്കാലിക ഇളവുമാത്രമാണെന്നും യുഎസ് ട്രഷറി സെക്രട്ടറി വ്യക്തമാക്കി.

നേരത്തേ കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്കും ഒരുമാസത്തെ ഇളവ് അമേരിക്ക അനുവദിച്ചിരുന്നു. മിഡിൽ ഈസ്റ്റ് പ്രതിസന്ധിയുടെ ആഘാതം ആഗോള എണ്ണ വിതരണ ശൃംഖലയെ ഗൗരവമായി ബാധിച്ച സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ ഇടപെടൽ. നിലവിൽ 30 ലൊക്കേഷനുകളിലായി ഏകദേശം 124 മില്യൺ ബാരൽ റഷ്യൻ എണ്ണ കപ്പലുകളിൽ സംഭരിച്ചിരിക്കുകയാണെന്നാണ് കണക്കുകൾ.

അതേസമയം, കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി അമേരിക്ക തങ്ങളുടെ പെട്രോളിയം റിസർവിൽ നിന്ന് 172 ദശലക്ഷം ബാരൽ എണ്ണ പുറത്തുവിടുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 32 രാജ്യങ്ങൾ ഉൾപ്പെട്ട അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ആകെ 400 ദശലക്ഷം ബാരൽ എണ്ണ വിപണിയിലേക്ക് ഇറക്കാനുള്ള പദ്ധതിയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മറുപടി രേഖപ്പെടുത്തുക