തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനുറച്ച് കെ. സുധാകരൻ; കേരളാ ഹൗസിൽ നിന്നും എൻഎൽസി വാങ്ങാൻ നീക്കം

നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനുറച്ച് കെ. സുധാകരൻ. നാമനിർദേശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് കേരളാ ഹൗസിൽ നിന്ന് എൻഎൽസി (നോ ലയബിലിറ്റി സർട്ടിഫിക്കറ്റ്) എടുക്കാൻ അദ്ദേഹം നിർദേശം നൽകി. ഇതിനായി സുധാകരന്റെ സ്റ്റാഫംഗങ്ങൾ കേരളാ ഹൗസിൽ എത്തുകയും ചെയ്തു.

അതേസമയം, കെ. സുധാകരൻ യുഡിഎഫ് സ്ഥാനാർഥിയായിട്ടാണോ മത്സരിക്കുക, അല്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണോ രംഗത്തെത്തുക എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം ഇതിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. എഐസിസി പുറത്തിറക്കുന്ന പട്ടികയിൽ സുധാകരന്റെ പേര് ഇല്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

മണ്ഡലത്തിൽ ചെറു ഗ്രൂപ്പ് യോഗങ്ങൾ സംഘടിപ്പിക്കാനും സുധാകരൻ നിർദേശിച്ചിട്ടുണ്ട്. കണ്ണൂരിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുന്നതായും സൂചനയുണ്ട്. വിഷയത്തിൽ വ്യക്തത വരുത്താൻ ഇന്ന് വാർത്താസമ്മേളനം വിളിക്കാനാണ് തീരുമാനം.

സുധാകരന്റെ പ്രതിഷേധം പരിഗണിച്ച് അദ്ദേഹത്തെ അനുനയിപ്പിക്കാൻ വീണ്ടും രമേശ് ചെന്നിത്തലയെ കോൺഗ്രസ് ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയതായും വിവരങ്ങൾ പുറത്തുവരുന്നു.

മറുപടി രേഖപ്പെടുത്തുക