കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്ക്കെതിരെ മുസ്ലിം ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായി. യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരി, പ്രതിഭയെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നാണ് ആരോപണം.
കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിൽ വികസനമൊന്നും നടത്തിയിട്ടില്ലെന്നും, വാക്ചാതുരിയും ശരീരസൗന്ദര്യവും ഉപയോഗിച്ചാണ് അവർ വീണ്ടും വോട്ട് തേടുന്നതെന്നുമായിരുന്നു വിവാദ പരാമർശം. കായംകുളത്ത് നടന്ന യുഡിഎഫ് കൺവെൻഷനിടെയായിരുന്നു സംഭവം.
ഇത്തരം പരാമർശങ്ങളിൽ വേദനയോടെ പ്രതികരിച്ച യു. പ്രതിഭ, താനും തന്റെ കുടുംബവും വ്യക്തിപരമായി അപമാനിക്കപ്പെട്ടുവെന്ന് പറഞ്ഞു. രാഷ്ട്രീയത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഇത്തരം ശ്രമങ്ങളെന്ന് അവർ ആരോപിച്ചു. സ്ത്രീകളെ രാഷ്ട്രീയത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഇത്തരം ആക്രമണങ്ങൾ പുതിയ തലമുറയെ നിരുത്സാഹപ്പെടുത്തുന്നതായും, സ്ത്രീകളെ ഡീമോറലൈസ് ചെയ്യുക എന്നതാണ് ഇത്തരം നീക്കങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ കായംകുളം ജനങ്ങൾ തന്നെ പിന്തുണയ്ക്കുന്നുവെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സംഭവത്തിൽ എൽഡിഎഫ് നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ലീഗ് നേതാവിന്റെ പ്രസ്താവന ഗുരുതരമായ കുറ്റകൃത്യമാണെന്നും, വെറും മാപ്പ് പറയുന്നതിലൂടെ അതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അവർ പറഞ്ഞു. വിഷയത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എൽഡിഎഫ് വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഈ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
