കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദ (15)യുടെ മൃതദേഹം കണ്ടെത്തി. മാണിക്യധാര വ്യൂ പോയിൻറ്ക്ക് താഴെയുള്ള താഴ്വാരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം പുറത്തേക്ക് എത്തിച്ചു.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് മാണിക്യധാര വെള്ളച്ചാട്ടം സമീപത്ത് നിന്ന് കാണാതായത്. കടമ്പഴിപ്പുറത്തുനിന്നുള്ള 40 അംഗ സംഘത്തോടൊപ്പമാണ് കുട്ടി വിനോദയാത്രയ്ക്ക് എത്തിയിരുന്നത്.
വൈകിട്ട് 5.20ഓടെ കുടുംബാംഗങ്ങളോടൊപ്പം സെൽഫിയെടുത്ത ശേഷം, മറ്റ് അംഗങ്ങൾ വാഹനത്തിനരികിലേക്ക് മടങ്ങുമ്പോൾ ശ്രീനന്ദ മറ്റൊരു വഴിയിലേക്ക് മാറുകയായിരുന്നു. ഏകദേശം 15 മിനിറ്റിന് ശേഷം കുട്ടിയെ കാണാതായതായി വ്യക്തമായതോടെ സംഘാംഗങ്ങൾ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാത്രിയോടെ പൊലീസിനെ വിവരം അറിയിച്ചു.
നൂറോളം അംഗങ്ങളുള്ള പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. മാണിക്യധാര വെള്ളച്ചാട്ടവും സമീപത്തെ വ്യൂ പോയിന്റും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് വനമേഖലകളിലും വ്യാപക പരിശോധന നടത്തി. കർണാടക പൊലീസിനൊപ്പം കേരളത്തിൽ നിന്നുള്ള പ്രത്യേക സംഘവും അന്വേഷണത്തിൽ പങ്കെടുത്തു.
