നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരാണ് കേസിലെ പ്രതികൾ. എസ്‌സി-എസ്ടി പീഡന നിരോധന നിയമവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. കേസിന്റെ അന്വേഷണം നടത്താൻ ഏഴ് അംഗ പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്.

സംഭവം ആത്മഹത്യയാണെന്നതിൽ സംശയമില്ലെന്നും എന്നാൽ ആത്മഹത്യാ പ്രേരണയുണ്ടായോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നതെന്നും കമ്മിഷണർ വ്യക്തമാക്കി. നിതിൻ ലോൺ ആപ്പിലൂടെ കടം എടുത്തിരുന്നു. അതിനായി കോളേജിലെ ഒരു അധ്യാപകന്റെ ഫോൺ നമ്പർ നൽകിയതിനെ തുടർന്ന്, ബന്ധപ്പെട്ട അധ്യാപകനെ നിരന്തരം വിളികൾ വന്നിരുന്നു. ഇതും നിതിന് മാനസിക സമ്മർദം സൃഷ്ടിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് വിലയിരുത്തൽ.

ലോൺ ആപ്പുമായി ബന്ധപ്പെട്ട് നിതിനെതിരെ പരാതിയുണ്ടെന്നും പൊലീസ് പറഞ്ഞു. അധ്യാപികയും ഈ വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്. നിതിൻ ബോധപൂർവം അധ്യാപകയുടെ നമ്പർ നൽകിയതാണോ, അല്ലെങ്കിൽ ലോൺ ആപ്പ് അനധികൃതമായി അത് ലഭിച്ചതാണോ എന്നതും അന്വേഷിക്കും. കൂടാതെ, റാഗിങ് സംബന്ധിച്ച പരാതികളും പരിശോധിക്കും. സഹപാഠികളുടെ മൊഴികൾ രേഖപ്പെടുത്തും. അന്വേഷണം ഭാഗമായി സംഘം തിരുവനന്തപുരത്തേക്ക് പോകുകയും നിതിന്റെ ശബ്ദസന്ദേശങ്ങൾ പരിശോധിക്കുകയും ചെയ്യും എന്ന് കമ്മിഷണർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക