നവകേരള സർവേയ്ക്കായി ചെലവിട്ട തുകയുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. സർവേയ്ക്ക് മൊത്തം 13 കോടി രൂപ ചെലവായതായാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ഇതിൽ ബ്രോഷറുകൾക്കായി മാത്രം 5.54 കോടി രൂപയും കത്തുകൾക്കായി ഒരു കോടി രൂപയും വോളണ്ടിയർമാരുടെ യാത്രച്ചെലവായി 1.45 കോടി രൂപയും ചെലവായതായി സർക്കാർ അറിയിച്ചു. സർവേയ്ക്കായി ആദ്യം അനുവദിച്ചിരുന്നത് 20 കോടി രൂപയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഈ സർവേ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്തതാണെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ ഹർജിയും നൽകിയിരുന്നു.
അതേസമയം, ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്രത്തോളം എത്തിച്ചേരുന്നുവെന്ന് വിലയിരുത്തുന്നതിനായി സർക്കാർ സർവേ നടത്തുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. കൂടാതെ ചെലവിന്റെ വിശദാംശങ്ങൾ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇപ്പോൾ വിശദമായ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്.
