കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ നിർണായക ഘട്ടമായ ഈ തെരഞ്ഞെടുപ്പിൽ, മുൻനിരയിൽ കെ കരുണാകരൻ, ഉമ്മൻചാണ്ടി, എ കെ ആന്റണി എന്നിവരിൽ ഒരാളെങ്കിലും ഇല്ലാതെ പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത് അപൂർവ സാഹചര്യമായി മാറിയിട്ടുണ്ട്. എന്നിരുന്നാലും, ഈ അഭാവം പ്രകടമാകാതെയാക്കി സംഘടനയെ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോയത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.
സംസ്ഥാനത്തുടനീളം പ്രചാരണ ഏകോപനം
പ്രധാന നേതാക്കളായ രമേശ് ചെന്നിത്തല, കെ മുരളീധരൻ, വിഡി സതീശൻ, സണ്ണി ജോസഫ് എന്നിവർ സ്വന്തം മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച സാഹചര്യത്തിൽ, സംസ്ഥാനത്തുടനീളം പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് കെ.സി. വേണുഗോപാലായിരുന്നു. സീറ്റ് വിഭജനത്തിൽ നിന്ന് പ്രചാരണ തന്ത്രം രൂപപ്പെടുത്തുന്നതുവരെ നിർണായക ഇടപെടലുകൾ അദ്ദേഹം നടത്തി.
അതേപോലെ, തിരഞ്ഞെടുപ്പിന് ഏറെ മുമ്പ് തന്നെ സംഘടനാ തലത്തിൽ ശക്തിപ്പെടുത്തൽ നടപടികൾ ആരംഭിച്ചിരുന്നു. വിവിധ സമുദായങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും പാർട്ടിയുടെ സാമൂഹിക സ്വീകാര്യത വർധിപ്പിക്കുന്നതിലും അദ്ദേഹം ഇടപെട്ടു. ക്രൈസ്തവ, മുസ്ലിം, ഭൂരിപക്ഷ സമുദായ നേതാക്കളുമായി സ്ഥിരമായ ആശയവിനിമയം നടത്തുകയും വിവിധ വിഷയങ്ങളിൽ ഇടപെടുകയും ചെയ്തു.
മുസ്ലീംങ്ങളെയും മിഷണറികളെയും രാജ്യത്തിന്റെ ആഭ്യന്തര ഭീഷണികളായി ഉയര്‍ത്തിക്കാട്ടാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കെ.സി, താമരശ്ശേരി, തലശ്ശേരി, ചങ്ങനാശ്ശേരി അതിരൂപതാ ആസ്ഥാനങ്ങളില്‍ നിരവധി തവണ സന്ദര്‍ശനം നടത്തി പിതാക്കന്മാരുമായി നിരന്തരം ആശയവിനിമയം നടത്തി. മലയോര ജനതയെ ബാധിക്കുന്ന വന്യമൃഗ ആക്രമണം, ബഫര്‍സോണ്‍ തുടങ്ങിയ വിഷങ്ങളില്‍ സഭയുടെ ആശങ്ക പരിഹരിക്കുന്നതിന് ദേശീയതലത്തില്‍ത്തന്നെ ഏറ്റവുമധികം ഇടപെട്ട നേതാവും കെ.സി.വേണുഗോപാലായിരിക്കും.
ഇതോടൊപ്പം തന്നെ, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെട്ടതും പാർലമെന്റിൽ വിഷയങ്ങൾ ഉയർത്തിക്കാട്ടിയതും കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയ ഇടപെടലുകളിൽ ഉൾപ്പെടുന്നു. മണിപ്പൂർ സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷ നിലപാട് ശക്തമായി ഉയർത്തിക്കാട്ടാൻ ശ്രമങ്ങൾ നടത്തിയതായി പാർട്ടി വൃത്തങ്ങൾ പറയുന്നു.
വഖഫ് ബില്ലിലൂടെ മുസ്ലീം സമുദായത്ത അരികുവത്കരിക്കാനുള്ള നീക്കങ്ങളെ പാര്‍ലമെന്റില്‍ പല്ലും നഖവും ഉപയോഗിച്ചെതിര്‍ത്തു. വഖഫ് ബല്ലിനെ തൊട്ടുപിന്നാലെ ബിജെപി ക്രൈസ്തവരെ ഉന്നം വെക്കുമെന്ന കെ.സി വേണുഗോപാലിന്റെ ദീര്‍ഘ വീക്ഷണം ശരിവെക്കുന്നതായിരുന്നു എഫ് സിആര്‍എ ഭേദഗതി ബില്ലുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിരക്കിനിടയില്‍ ധൃതിപിടിച്ച് എഫ് സിആര്‍എ ബില്ല് അവതരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പൊളിച്ചത് കെസി വേണുഗോപാലിന്റെ ചടുലനീക്കമാണ്. മനീഷ് തീവാരിയെ നിയോഗിച്ച് പാര്‍ലമെന്റില്‍ ശക്തമായ പ്രതിരോധം തീര്‍ത്തതോടൊപ്പം, എല്ലാ എംപിമാരോടും അടിയന്തരമായി പാര്‍ലമെന്റില്‍ എത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്കി. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ അംഗബലം കുറവാണെങ്കില്‍ എതിര്‍പ്പിന്റെ ശക്തികുറയുമെന്ന കണക്ക് കൂട്ടല്‍ അത്തരത്തില്‍ പൊളിച്ചു.
വഖഫ് ബില്ല് കേന്ദ്രസര്‍ക്കാര്‍ സഭയില്‍ ഉന്നയിച്ചപ്പോള്‍, വഖഫ് ചെയ്യുന്ന വ്യക്തി അഞ്ച് വര്‍ഷം ഇസ്ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കില്‍ വഖഫ് അസാധുവാകുമെന്നും വഖഫ് കൗണ്‍സിലുകളില്‍ അമുസ്ലിം അംഗങ്ങള്‍ വേണമെന്നുമുള്ള വ്യവസ്ഥകള്‍ ഭരണഘടനാവകാശങ്ങളുടെ ലംഘനമാണെന്നും ഇവ പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ വഴങ്ങാതിരുന്നപ്പോള്‍ മുതിര്‍ന്ന അഭിഭാഷകരെ ഉള്‍പ്പെടുത്തി നിയമപോരാട്ടം സുപ്രീംകോടതിയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ അമരത്ത് കെസി വേണുഗോപാലായിരുന്നു.
അതിജീവനത്തിനായി പോരാടുന്ന പാലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാലികളും മതസൗഹാര്‍ദ്ദ സദസ്സുകളും നടത്താന്‍ കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്കി. മുസ്സീം ലീഗിനെതിരെ ബിജെപിയുടെ വ്യാപക അക്രമം നടന്നപ്പോഴെല്ലാം ലീഗിന്റെ മതേതര നിലപാടുകള്‍ ഉയര്‍ത്തി ശക്തമായ പ്രതിരോധം തീര്‍ക്കാനും കെ.സി മുന്പിലുണ്ടായിരുന്നു.
സാമുദായിക സൗഹാർദവും രാഷ്ട്രീയ സമവായവും
വിവിധ സാമുദായിക സംഘടനകളുമായും മതസ്ഥാപനങ്ങളുമായും ബന്ധം നിലനിർത്തുന്നതിൽ കെ.സി.യുടെ പങ്ക് ശ്രദ്ധേയമാണെന്നാണ് വിലയിരുത്തൽ. എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ സംഘടനകളുമായുള്ള ഇടപെടലുകൾക്കും രാഷ്ട്രീയ നിരീക്ഷകർ പ്രാധാന്യം നൽകുന്നു.
തെരുവുതല പ്രവർത്തനങ്ങളിൽ നിന്ന് വളർന്നെത്തിയ നേതാവെന്ന നിലയിൽ പ്രായോഗിക രാഷ്ട്രീയബോധവും സംഘടനാ കഴിവും കെ.സി. വേണുഗോപാലിനെ വേറിട്ടുനിർത്തുന്നുവെന്നാണ് പാർട്ടിക്കുള്ളിലെ അഭിപ്രായം.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ, കേരളത്തിലെ കോൺഗ്രസിനെയും യുഡിഎഫിനെയും തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്നതിൽ കെ.സി. വേണുഗോപാലിന്റെ പങ്ക് നിർണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വരുന്ന കാലയളവിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുന്നേറ്റം തുടരണമെന്നതാണ് പ്രവർത്തകരുടെ പ്രതീക്ഷ.
