മുണ്ടക്കൈ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ ഉണ്ടായെന്ന മാധ്യമ റിപ്പോർട്ടുകൾ വ്യാജമാണെന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കി. വിള്ളൽ വീണുവെന്ന് ആരോപിച്ച വീട്ടിലെത്തി നടത്തിയ പരിശോധനയിൽ, ഗുണനിലവാര പരിശോധനയ്ക്കിടെ അടയാളപ്പെടുത്താൻ പെൻസിൽകൊണ്ട് വരച്ച രേഖയെയാണ് ചില മാധ്യമങ്ങൾ വിള്ളലായി തെറ്റായി അവതരിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽവെച്ച് തന്നെ അദ്ദേഹം ആ പെൻസിൽ വര മായ്ച്ചുകാണിക്കുകയും ചെയ്തു.
ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം സാധാരണ രീതിയിൽ നടക്കുന്നില്ലെന്നും, 58 ഘട്ട ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് ഓരോ ഘട്ടവും പൂർത്തിയാക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടിനിർത്തി രണ്ടുതവണ വാട്ടർപ്രൂഫിങ് പരിശോധന നടത്തുന്നതടക്കമുള്ള കർശന നടപടികളാണ് സ്വീകരിക്കുന്നത്. പരിശോധനയ്ക്കിടെ അപൂർവമായി ചിലയിടങ്ങളിൽ നനവ് കണ്ടെത്തുമ്പോൾ അത് പെൻസിൽ ഉപയോഗിച്ച് അടയാളപ്പെടുത്തുന്നതാണ് പതിവ്. തുടർന്ന് വീണ്ടും പരിശോധന നടത്തി, ആവശ്യമായ വാട്ടർപ്രൂഫിങ്, സ്ക്രീഡിങ് കോൺക്രീറ്റ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയശേഷമാണ് വീട് കൈമാറുന്നതെന്നും മന്ത്രി പറഞ്ഞു.
വീട് കൈമാറുന്നതിന് മുമ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും കിഫ്കോണും ചേർന്ന് സംയുക്ത പരിശോധന നടത്തും. തുടർന്ന് വീട്ടുടമസ്ഥരുടെ സാന്നിധ്യത്തിലും പരിശോധന നടക്കും. കൈമാറ്റത്തിന് ശേഷം അഞ്ച് വർഷത്തേക്ക് നിർമാണ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായാൽ ഊരാളുങ്കൽ സൊസൈറ്റി അത് പരിഹരിക്കേണ്ടതുണ്ടെന്നും, അതിൽ വീഴ്ച വന്നാൽ ബന്ധപ്പെട്ട തുക സർക്കാർ പിടിച്ചുവെക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദുരന്തബാധിതർക്കുള്ള ധനസഹായം നിർത്തിയെന്ന വാർത്തകളും തെറ്റാണെന്ന് മന്ത്രി പറഞ്ഞു. ഒരു കുടുംബത്തിലെ രണ്ടുപേർക്കായി 9,000 രൂപ വീതം നൽകുന്ന തുക വൈകുന്നേരത്തോടെ പൂർണമായി വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ജൂൺ മാസം വരെയുള്ള ദിനബത്ത നൽകുന്നതിനുള്ള ഉത്തരവ് നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നുവെന്നും, സാമ്പത്തിക വർഷം മാറ്റവും തെരഞ്ഞെടുപ്പ് നടപടികളും മൂലമാണ് വിതരണത്തിൽ വൈകിയതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ 20 മാസമായി വാടക, ദിനബത്ത, കൂപ്പൺ എന്നിവ ഒരുതടസ്സവും കൂടാതെ സർക്കാർ നൽകിക്കൊണ്ടിരിക്കുകയാണെന്നും, രാജ്യത്ത് മറ്റൊരിടത്തും ഇത്രയും കാലം തുടർച്ചയായി സഹായം നൽകിയ ഉദാഹരണം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യക്കൂപ്പണുകൾ വിതരണം ചെയ്തിട്ടില്ലെന്ന റിപ്പോർട്ടും തെറ്റാണെന്നും, മാർച്ച് മുതൽ മെയ് വരെ വേണ്ട കൂപ്പണുകൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് മുമ്പ് തന്നെ അച്ചടിച്ച് നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.
ടൗൺഷിപ്പിലെ റോഡ് നിർമ്മാണം അടുത്ത 10 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
