പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലിനെച്ചൊല്ലി പ്രതിപക്ഷത്തിന്റെ നിലപാട് കടുത്ത ഭാഷയിൽ വിമർശിച്ചു. രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്, ഡിഎംകെ, ടിഎംസി എന്നിവ അടങ്ങുന്ന പ്രതിപക്ഷ കക്ഷികൾ സ്വാർത്ഥ രാഷ്ട്രീയ താൽപര്യങ്ങൾക്കായി സ്ത്രീകളെ അവഗണിച്ചുവെന്നും മോദി ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ നിലപാട് സ്ത്രീകളുടെ ആത്മാഭിമാനത്തെ ബാധിച്ചതായും ഈ അപമാനം അവർ മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ശക്തരാകുമ്പോൾ കുടുംബാധിപത്യ രാഷ്ട്രീയം തകരുമെന്ന ഭയമാണ് പ്രതിപക്ഷത്തിനുള്ളതെന്ന് മോദി ആരോപിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ നുണ പ്രചാരണം നടത്തിയതായും അദ്ദേഹം വിമർശിച്ചു. ചിലർക്കു രാജ്യത്തേക്കാൾ വലുത് പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷം ബില്ലിനെ പിന്തുണയ്ക്കാതിരുന്നതിലൂടെ അവരുടെ യഥാർത്ഥ നിലപാട് പുറത്തുവന്നുവെന്നും മോദി പറഞ്ഞു.
ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷം ആഘോഷിച്ചത് ദുഃഖകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഈ ബിൽ സംസ്ഥാനങ്ങളിൽ നിന്ന് അധികാരം അപഹരിക്കാൻ അല്ല, മറിച്ച് രാജ്യത്തെ സ്ത്രീകളെ ശാക്തീകരിക്കാനാണ് രൂപകൽപന ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ബില്ലിലൂടെ രാജ്യത്തെ പകുതിയോളം ജനസംഖ്യയ്ക്ക് ശക്തി ലഭിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. മണ്ഡല പുനർനിർണയത്തെ കുറിച്ച് പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തിയതായും അദ്ദേഹം ആരോപിച്ചു.
