ലെബനനിൽ യേശുക്രിസ്തുവിന്റെ പ്രതിമയ്ക്ക് ഒരു ഇസ്രായേലി സൈനികൻ കേടുപാടുകൾ വരുത്തിയ സംഭവത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായി അപലപിച്ചു. സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ താൻ അമ്പരക്കുകയും ദുഃഖിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് സൈനിക അധികാരികൾ ക്രിമിനൽ അന്വേഷണം ആരംഭിച്ചതായും കുറ്റവാളിക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നെതന്യാഹു പറഞ്ഞു. എല്ലാ മതങ്ങളിലുമുള്ള ആളുകൾക്കിടയിൽ സഹിഷ്ണുതയും പരസ്പര ബഹുമാനവും ഉറപ്പാക്കുന്നതാണ് ഇസ്രായേലിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യങ്ങളിൽ, ഒരു ഇസ്രായേലി സൈനികൻ ചുറ്റിക ഉപയോഗിച്ച് യേശുക്രിസ്തുവിന്റെ പ്രതിമ തകർക്കുന്നതാണ് കാണുന്നത്. ഇതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇസ്രായേൽ രാജ്യത്ത് എല്ലാ മതവിഭാഗങ്ങൾക്കും ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും, സമൂഹ നിർമ്മാണത്തിൽ എല്ലാവർക്കും തുല്യ സ്ഥാനമാണുള്ളതെന്നും നെതന്യാഹു പറഞ്ഞു. സംഭവത്തിൽ ലെബനനിലും ലോകമെമ്പാടുമുള്ള വിശ്വാസികൾക്കും ഉണ്ടായ വേദനയിൽ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.
