മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ച ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. ഇവരിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ വെണ്ണൂർ പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമന്റെ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയന്റെ മകൻ സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദർശനും വാസുദേവനും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. സുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.
ബാക്കി നാലുപേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ പരിക്കേറ്റ 13 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നും കളക്ടർ അറിയിച്ചു. സതീഷ് (46), പ്രവീൺ (45) എന്നിവർ വെന്റിലേറ്ററിലാണ്. ബാബു (56), വിഷ്ണു (30), രാജേഷ് (40), ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), സുഭദ്ര (68), ഭവാനി (65), സുന്ദരൻ (46), സാജൻ (37) എന്നിവരാണ് ചികിത്സയിലുള്ളത്. ഇവരിൽ സുഭദ്രയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ഒമ്പത് ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ഇവ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിൽ പെട്ടവർക്ക് മികച്ച ചികിത്സ നൽകുന്നതിനായി തൃശൂർ മെഡിക്കൽ കോളേജും മെഡിക്കൽ സംഘവും പൂർണ സജ്ജമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
