മുണ്ടത്തിക്കോട് ഉണ്ടായത് ചിന്തിക്കാനാവാത്ത അപകടമാണെന്നും പരിക്കേറ്റവരുടെ തുടർചികിത്സയ്ക്ക് യാതൊരു തടസവും ഉണ്ടാകില്ലെന്നും മികച്ച മെഡിക്കൽ സേവനമാണ് ഒരുക്കിയിട്ടുള്ളതെന്നും റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
ഇതുവരെ അഞ്ചു മൃതശരീരങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയിട്ടുണ്ട്. 11 ശരീരഭാഗങ്ങൾ ഓട്ടോപ്സി ചെയ്തതായും 15 ശരീരഭാഗങ്ങൾക്ക് കൂടി ഓട്ടോപ്സി നടത്താനുള്ളതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിരിച്ചറിയൽ നടപടികൾ വേഗത്തിലാക്കുന്നതിനായി ഡിഎൻഎ പരിശോധനയും ഉടൻ പൂർത്തിയാക്കും.
പാലക്കാട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ നിന്നുള്ള കൂടുതൽ ഡോക്ടർമാരെ എത്തിച്ചിട്ടുണ്ടെന്നും നാലിടങ്ങളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിതർക്കുള്ള ധനസഹായം സംബന്ധിച്ച തീരുമാനം ഇന്ന് മന്ത്രിസഭ കൈക്കൊള്ളും.
നിലവിലുള്ള വിവരങ്ങൾ പ്രകാരം വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ഇതുവരെ 13 പേർ മരണപ്പെട്ടിട്ടുണ്ട്. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ എട്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ദുരന്തനിവാരണ അതോറിറ്റി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
