തിരുവനന്തപുരം കോർപ്പറേഷന്റെ നിലവിലെ ഭരണത്തിനെതിരെ കടുത്ത വിമർശനവുമായി മന്ത്രിവി ശിവൻകുട്ടി രംഗത്തെത്തി. നഗരത്തിൽ മാലിന്യക്കൂമ്പാരങ്ങൾ വർധിച്ചതോടെ ജനങ്ങൾ വായും മൂക്കും പൊത്തി നടക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ തെരുവ് നായ ശല്യവും പാമ്പ് ശല്യവും രൂക്ഷമായതോടെ മനുഷ്യജീവിതം തന്നെ അപകടത്തിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു മുൻ മേയർ എന്ന നിലയിൽ നഗരസഭയുടെ ഇന്നത്തെ അവസ്ഥ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് തങ്ങൾ സൃഷ്ടിച്ച സംവിധാനങ്ങൾ തകരുന്നുവെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരത്തിലെ തെരുവുകൾ മാലിന്യക്കൂമ്പാരങ്ങളാൽ നിറഞ്ഞിരിക്കുകയാണെന്നും ജനങ്ങൾ ദുരിതം അനുഭവിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിതകർമ സേനയുടെ പ്രവർത്തനം പല ഭാഗങ്ങളിലും താളം തെറ്റിയിരിക്കുകയാണെന്നും, മാലിന്യ സംസ്കരണം ഫോട്ടോ ഷൂട്ടുകളും പ്രചാരണ പ്രവർത്തനങ്ങളും മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്നും മന്ത്രി വിമർശിച്ചു. അടിസ്ഥാന ഉത്തരവാദിത്വങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്തവർ എന്തിനാണ് അധികാരത്തിൽ തുടരുന്നതെന്ന് ജനങ്ങൾ ചോദിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരഭരണം അലംഭാവത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെരുവ് നായ ശല്യം കാരണം കുട്ടികൾക്കും വഴിയാത്രക്കാർക്കും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്നില്ലെന്നും, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടവർ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാത്രിയിൽ നഗരത്തിൽ വെളിച്ചക്കുറവും കുടിവെള്ള പ്രശ്നങ്ങളും തുടരുന്നുവെന്നും, ഇതിന് വാട്ടർ അതോറിറ്റിയെ മാത്രം കുറ്റപ്പെടുത്തി നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരവാദിത്വങ്ങളിൽ നിന്ന് മറഞ്ഞുനിൽക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
