തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ അപ്രതീക്ഷിതമായൊരു വഴിത്തിരിവ് രേഖപ്പെടുത്തി കൊണ്ടുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. ആറ് പതിറ്റാണ്ടിലേറെയായി ദ്രാവിഡ പാർട്ടികൾ ആധിപത്യം പുലർത്തിയിരുന്ന സംസ്ഥാന രാഷ്ട്രീയത്തിൽ നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴഗ വെട്രി കലഗം (ടിവികെ) ശക്തമായ മുന്നേറ്റവുമായി രംഗത്തെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഉച്ചയ്ക്ക് 1 മണിവരെ ലഭിച്ച ട്രെൻഡുകൾ പ്രകാരം, 234 സീറ്റുകളിൽ 107 സീറ്റുകളിലാണ് ടിവികെ മുന്നേറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 സീറ്റുകളുടെ മാജിക് നമ്പറിൽ നിന്ന് വെറും 11 സീറ്റുകൾ മാത്രം അകലെയാണിത്. ആദ്യ തെരഞ്ഞെടുപ്പ് മത്സരത്തിൽ തന്നെ ടിവികെ കാഴ്ചവെച്ച ഈ പ്രകടനം രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ തെരഞ്ഞെടുപ്പിൽ മുൻതൂക്കം പ്രതീക്ഷിച്ചിരുന്നെങ്കിലും, നിലവിലെ ട്രെൻഡുകൾ പാർട്ടിക്ക് വലിയ തിരിച്ചടിയാണെന്ന് സൂചിപ്പിക്കുന്നു. അതേസമയം, എഐഎഡിഎംകെ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച നിലയിൽ നിലനിൽക്കുന്നുവെന്നും ചില മേഖലകളിൽ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കുന്നുവെന്നും വിലയിരുത്തപ്പെടുന്നു.
ടിവികെ നേതാവ് വിജയ് തന്റെ പ്രചാരണത്തിൽ പെരിയാറിന്റെ സാമൂഹ്യനീതിയുടെ ആശയങ്ങളും അണ്ണാദുരൈയും എംജിആറും പോലുള്ള ദ്രാവിഡ നേതാക്കളുടെ പാരമ്പര്യവും ചേർത്ത് ജനങ്ങളിലേക്കെത്തിച്ച രാഷ്ട്രീയ തന്ത്രമാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഫലങ്ങൾ അന്തിമമായി പുറത്തുവരാനിരിക്കെ, തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാകുമെന്ന പ്രതീക്ഷയും അതിനൊപ്പം അനിശ്ചിതത്വവും ശക്തമായി തുടരുന്നു.
