തെരഞ്ഞെടുപ്പ് തിരിച്ചടി: ജനങ്ങളിലേക്കിറങ്ങി തിരുത്തലുമായി മുന്നോട്ട് പോകുമെന്ന് ടി.പി. രാമകൃഷ്ണൻ

തിരഞ്ഞെടുപ്പിലേറ്റ പരാജയം അതിസൂക്ഷ്മമായി വിശകലനം ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായങ്ങളും വിശ്വാസവും മാനിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താനാണ് എൽഡിഎഫ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണവിരുദ്ധ വികാരം ശക്തമായി ഉണ്ടായിരുന്നുവെന്ന വിലയിരുത്തൽ ഇല്ലെന്നും, ജൂൺ 15ന് ശേഷം വിശദമായ എൽഡിഎഫ് യോഗം ചേർന്ന് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് സമഗ്രമായി ചർച്ച ചെയ്യുമെന്നും ടി.പി. രാമകൃഷ്ണൻ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ തുടർ രാഷ്ട്രീയ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ നിന്ന് പിന്മാറുന്ന സമീപനം ഇടതുമുന്നണിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനക്ഷേമ കാഴ്ചപ്പാടുകൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പ്രതികൂല സാഹചര്യങ്ങളിലും എൽഡിഎഫിനെ പിന്തുണച്ച മുഴുവൻ വോട്ടർമാർക്കും നന്ദി അറിയിക്കുന്നുവെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

“100ൽ അധികം സീറ്റ് ലഭിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞത് ശരിയായിരിക്കാം. എന്നാൽ അത്തരമൊരു ഫലം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഞങ്ങളുടെ രാഷ്ട്രീയ സമീപനത്തിൽ മാറ്റം വരുത്തും. പി.ആർ ഏജൻസികളെയല്ല ഞങ്ങൾ ആശ്രയിക്കുക; ജനങ്ങളിലേക്കിറങ്ങി അവരുടെ അഭിപ്രായങ്ങൾ കേട്ടായിരിക്കും തിരുത്തലുകൾ നടത്തുക,” എന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക