ടിവികെ അധ്യക്ഷന്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു. ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.
വിജയിനൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിന് പിന്നാലെ മുഖ്യമന്ത്രിയായി ആദ്യ ഔദ്യോഗിക നടപടിയായി 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്കുന്ന പദ്ധതിയുടെ ഫയലില്‍ വിജയ് ഒപ്പുവച്ചു.
തുടര്‍ന്ന് സ്ത്രീസുരക്ഷ, മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, മറ്റ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളിലും മുഖ്യമന്ത്രി ഒപ്പുവച്ചു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉള്‍പ്പെടെ രാഷ്ട്രീയ, സിനിമ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
അതേസമയം, തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയിനെ ശ്രീലങ്കന്‍ പ്രസിഡന്റും അഭിനന്ദിച്ചു. ശ്രീലങ്കയും തമിഴ്നാടും തമ്മിലുള്ള ദീര്‍ഘകാല ചരിത്ര, സാംസ്കാരിക, ജനകീയ ബന്ധങ്ങളെ അദ്ദേഹം എടുത്തുകാട്ടി. ഭാവിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും ഇന്ത്യ-ശ്രീലങ്ക ബന്ധവും കൂടുതല്‍ ശക്തമാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
