കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ പാര്‍ട്ടി കാര്യങ്ങളില്‍ പുറത്തുനിന്നുള്ള യാതൊരു ഇടപെടലും അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക നിലപാട് വ്യക്തമാക്കിയത്.
വിഡി സതീശൻ, ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് മുന്നറിയിപ്പ് നല്‍കിയത്. കോണ്‍ഗ്രസ് പാര്‍ട്ടി സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കുമെന്നും മറ്റ് ശക്തികള്‍ അതില്‍ ഇടപെടേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതായാണ് വിവരം.
കേരളത്തില്‍ നടന്ന പ്രകടനങ്ങളും പൊതുപ്രതികരണങ്ങളും ദേശീയ നേതൃത്വത്തിന്റെ തീരുമാനം എടുക്കുന്ന അധികാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തിയതായും സൂചനയുണ്ട്.
മൂന്ന് നേതാക്കളെയും പിന്തുണയ്ക്കുന്ന പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്ന വിമര്‍ശനം ഉയര്‍ന്നെങ്കിലും, പ്രധാനമായും വിമര്‍ശനത്തിന്റെ ഊന്നല്‍ വി.ഡി. സതീശനിലേക്കായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങള്‍, ഫ്ലക്‌സ് യുദ്ധങ്ങള്‍, നേതാക്കള്‍ക്കായുള്ള പരസ്യ പിന്തുണ പ്രകടനങ്ങള്‍ എന്നിവ സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി ഹൈക്കമാന്‍ഡിന് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ നേതൃത്വം കടുത്ത വിമര്‍ശനം ഉയര്‍ത്തിയതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
