വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി; ബജറ്റ് കഥപറച്ചിലായി മാറിയെന്ന് തോമസ് ഐസക്

മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്. വികസന മുരടിപ്പിനുള്ള ഗ്യാരണ്ടിയാണ് ഈ ബജറ്റെന്നും ബജറ്റിനെ തമാശയാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. ബജറ്റ് പ്രസംഗം യാഥാർഥ്യബോധമില്ലാത്ത കഥപറച്ചിലായി മാറിയതായും തോമസ് ഐസക് പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ നിർണായകമായ നികുതി കുടിശിക പിരിച്ചെടുക്കുന്നതിനോ ജിഎസ്ടി കാര്യക്ഷമമായി ശേഖരിക്കുന്നതിനോ ബജറ്റിൽ യാതൊരു വ്യക്തമായ പദ്ധതിയും ഇല്ലെന്ന് അദ്ദേഹം വിമർശിച്ചു. പ്രഖ്യാപനങ്ങൾ ഏറെയുണ്ടെങ്കിലും അവ നടപ്പാക്കാൻ ആവശ്യമായ സാമ്പത്തിക വിഭവങ്ങൾ ബജറ്റിൽ വകയിരുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നികുതി കുടിശിക പിരിച്ചെടുത്താൽ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നുവെങ്കിലും, ഈ ബജറ്റിൽ നികുതി എഴുതിത്തള്ളലിനാണ് മുൻഗണന നൽകിയിരിക്കുന്നതെന്ന് തോമസ് ഐസക് ആരോപിച്ചു. പുതിയ മെഡിക്കൽ കോളേജുകൾക്കായി വെറും 100 കോടി രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നതെന്നും, ഈ തുക ഉപയോഗിച്ച് രണ്ട് മെഡിക്കൽ കോളേജുകൾ ആരംഭിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത് വെറും 10 കോടി രൂപ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, കോർപറേറ്റ് മദ്യ കമ്പനികൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്ന ബജറ്റായി ഇത് മാറിയിട്ടുണ്ടെന്നും തോമസ് ഐസക് ആരോപിച്ചു.

കിഫ്ബിയെ സംബന്ധിച്ച് ബജറ്റിൽ അനിശ്ചിതത്വം സൃഷ്ടിച്ചതും നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ ഭാവിയെക്കുറിച്ച് വ്യക്തമായ നിലപാട് ബജറ്റിൽ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് ഉണ്ടായില്ല. കിഫ്ബിയെ കുറിച്ച് സർക്കാർ എന്ത് തീരുമാനമെടുത്താലും, ഇതിനകം ആരംഭിച്ച പദ്ധതികൾ നിർത്തിവെക്കാൻ അനുവദിക്കില്ലെന്നും ഏതെങ്കിലും ധനസഹായ പദ്ധതി അവസാനിപ്പിക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിഷേധിക്കുമെന്നും തോമസ് ഐസക് മുന്നറിയിപ്പ് നൽകി.

മറുപടി രേഖപ്പെടുത്തുക