സംസ്ഥാന സർക്കാർ അവതരിപ്പിച്ച 2026-27 ബജറ്റ് സ്വകാര്യവത്കരണത്തിനുള്ള സമഗ്രമായ ഒരുക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. എൽഡിഎഫ് സർക്കാർ പിന്തുടർന്ന ക്ഷേമ-വികസന ദ്വിമുഖ സമീപനത്തിൽ നിന്ന് പൂർണമായും വ്യതിചലിക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സർക്കാരിന്റെ സ്വാഭാവിക ബാധ്യതകളെ അമിതമായി ഉയർത്തിക്കാട്ടുകയും വരുമാന വർധനയെ മറച്ചുവെക്കുകയും ചെയ്യുന്ന സമീപനമാണ് ബജറ്റിൽ സ്വീകരിച്ചിരിക്കുന്നതെന്ന് പിണറായി വിമർശിച്ചു. വികസന-ക്ഷേമ പദ്ധതികളിൽ നിന്ന് പിന്മാറാനുള്ള മുൻകൂർ ന്യായീകരണമായിരുന്നു നേരത്തെ പുറത്തിറക്കിയ ധവളപത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ കോറിഡോർ പ്രഖ്യാപനം കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ നയത്തിന്റെ തുടർച്ചയാണെന്ന് ആരോപിച്ച അദ്ദേഹം, പൊതുമേഖലാ അധിഷ്ഠിത റെയർ എർത്ത് ഇടനാഴി എന്ന എൽഡിഎഫ് ആശയം ഇതിലൂടെ അട്ടിമറിക്കപ്പെടുകയാണെന്നും പറഞ്ഞു. ‘മിഷൻ സമുദ്ര’യും കേരള മാരിടൈം പോളിസിയും തീരദേശ വികസനത്തിന്റെ പേരിൽ സ്വകാര്യ നിക്ഷേപങ്ങൾക്ക് വാതിൽ തുറക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
ഭൂപരിഷ്കരണം 2.0 എന്ന പേരിൽ പ്രഖ്യാപിച്ച ലാൻഡ് മാനേജ്മെന്റ് നയം ഭൂപരിഷ്കരണ നിയമങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി പദ്ധതിയും ആരോഗ്യരംഗത്തെ സ്വകാര്യവത്കരണത്തിന് വഴിയൊരുക്കുന്നതാണെന്നും സർക്കാർ ആശുപത്രികളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ആസൂത്രണ ബോർഡിനെ ‘തിങ്ക് ടാങ്ക്’ ആക്കുമെന്ന പ്രഖ്യാപനം, കേന്ദ്ര സർക്കാർ ആസൂത്രണ കമ്മീഷനെ നീതി ആയോഗായി മാറ്റിയ മാതൃക പിന്തുടരുന്നതാണെന്ന് പിണറായി വിമർശിച്ചു. പദ്ധതിവിഹിതത്തിൽ 15 ശതമാനം കുറവ് വരുത്തിയതിലൂടെ തദ്ദേശ സ്ഥാപനങ്ങൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ വലിയ വെട്ടിക്കുറവ് ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉത്പാദനത്തിൽ കോർപ്പറേറ്റ് കമ്പനികൾക്ക് കൂടുതൽ അവസരം നൽകുന്ന സമീപനമാണ് ബജറ്റിൽ സ്വീകരിച്ചിരിക്കുന്നതെന്നും, ഇത് മദ്യ ഉപയോഗം വർധിപ്പിക്കാനിടയാക്കുമെന്നും പിണറായി ആരോപിച്ചു. റബ്ബർ, നെല്ല്, നാളികേരം തുടങ്ങിയ കാർഷിക മേഖലകളിൽ ആശ്വാസ നടപടികളില്ലെന്നും, റബ്ബറിന് 250 രൂപ തറവില പ്രഖ്യാപിച്ചത് യാഥാർഥ്യത്തിൽ കർഷകരെ സഹായിക്കുന്ന നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ചാലകശക്തിയായ കിഫ്ബിയെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കിഫ്ബി പദ്ധതികൾക്കുള്ള ധനസമാഹരണം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന പ്രഖ്യാപനം, കിഫ്ബി എന്ന ആശയത്തെ തന്നെ അവസാനിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതോടൊപ്പം ലൈഫ് പദ്ധതിയെ തകർക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ടെന്ന സംശയവും അദ്ദേഹം പങ്കുവെച്ചു.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിവേചനവും സംസ്ഥാനത്തിന് നേരിടേണ്ടിവരുന്ന ധനനഷ്ടവും ബജറ്റിൽ ഒരിടത്തും പരാമർശിക്കാത്തത് ശ്രദ്ധേയമാണെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ഭാവി വികസനത്തിന് വ്യക്തമായ ദിശാബോധം നൽകുന്ന ഒരു ബ്ലൂപ്രിന്റും ബജറ്റിലില്ലെന്നും അദ്ദേഹം വിമർശിച്ചു.
