തന്റെ സഞ്ചാരത്തിനായി പൊതുജനങ്ങളെ വഴിയിൽ തടയുന്ന രീതി ഒഴിവാക്കണമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇക്കാര്യം സംബന്ധിച്ച് അദ്ദേഹം നേരിട്ട് ഡിജിപിക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. നിലവിലുള്ള അതിശക്തമായ സുരക്ഷാ സന്നാഹങ്ങൾ ഒഴിവാക്കി ലഘൂകരിച്ച ക്രമീകരണം മതിയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പൈലറ്റ് വാഹനം, എസ്കോർട്ട് വാഹനം എന്നിവ ഓരോന്നായി മാത്രമേ വേണ്ടൂ എന്ന നിലപാടാണ് സതീശൻ മുന്നോട്ടുവെച്ചിരിക്കുന്നത്. വാഹനവ്യൂഹത്തിൽ ആകെ മൂന്ന് വാഹനങ്ങൾ മാത്രം മതിയെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ക്രമീകരണങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ജനരോഷത്തിനും കാരണമായിരുന്നു. സെഡ് പ്ലസ് (Z+) സുരക്ഷ ലഭിച്ചിരുന്ന അദ്ദേഹത്തിനായി തലസ്ഥാന നഗരിയിൽ കർശന നിയന്ത്രണങ്ങളായിരുന്നു ഏർപ്പെടുത്തിയിരുന്നത്. കിയ കാർണിവൽ ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങളും മൂന്ന് ഇന്നോവ ക്രിസ്റ്റകളും ആംബുലൻസും സ്ട്രൈക്കർ ഫോഴ്സും അടങ്ങുന്ന വലിയ വാഹനവ്യൂഹമാണ് അകമ്പടി സേവിച്ചിരുന്നത്.
മുഖ്യമന്ത്രി വീട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് എത്തുമ്പോൾ പ്രധാന റോഡുകൾ അടയ്ക്കുകയും ഇടറോഡുകളിൽ നൂറു മീറ്റർ ഇടവിട്ട് പോലീസ് വിന്യാസം നടത്തുകയും ചെയ്തിരുന്നതും പതിവായിരുന്നു. അഡ്വാൻസ് പൈലറ്റ് സംവിധാനം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്രകാരമാണ് നടപ്പിലാക്കിയിരുന്നത്.
അതേസമയം, സുരക്ഷ പൂർണ്ണമായി ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഡിജിപി. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ നിശ്ചയിക്കുന്നത്. എന്നാൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും യാത്രാ തടസ്സങ്ങൾ കുറച്ചുകൊണ്ടും പുതിയ സുരക്ഷാ പ്രോട്ടോക്കോൾ തയ്യാറാക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
