സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്നതിൽ വൈകിയെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കി. കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലെ കെഎസ്ആർടിസി ടെർമിനലുകളിൽ ബസിൽ കയറി മഹിളാ മോർച്ചയും ബിജെപി പ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തി.
മെയ് 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു യുഡിഎഫ് നൽകിയ വാഗ്ദാനം. അതിനാൽ ഇന്ന് മെയ് 15 ആയതിനാൽ തീരുമാനം ഉടൻ നടപ്പിലാക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
കാസർകോട് ടെർമിനലിൽ ഉപരോധം നടത്തിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. അറസ്റ്റ് ചെയ്ത ജില്ലാ നേതാക്കളെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
അതേസമയം, പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭാ യോഗത്തിൽ ഔദ്യോഗിക തീരുമാനമെടുത്താൽ മാത്രമേ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പാക്കാനാകൂവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.
