അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട അധ്യാപകന് ഡോ. കെ. റാമിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. നിതിന്റെ സഹപാഠികളായ ഒന്നാം വര്‍ഷ BDS വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദര്‍ശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
“റാം സര് ഒരു അധ്യാപകനല്ല, മൃഗമാണ്” എന്ന് ഒരു വിദ്യാര്‍ഥി മാധ്യമങ്ങളോട് പ്രതികരിച്ചു. വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയാണെന്നും, ക്ലാസില്‍ ബോഡി ഷേമിങ് ഉള്‍പ്പെടെ അപമാനകരമായ പെരുമാറ്റം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശരിയായ രീതിയില്‍ പഠിപ്പിക്കാതിരുന്നതും, നിതിനെ ലക്ഷ്യമിട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതുമാണ് ആരോപണം.
ഭയത്തിന്റെ പേരിലാണ് പലരും പരാതി നല്‍കാതിരുന്നതെന്നും, ഇക്കാര്യം തുറന്നു പറയുന്നതിന് പോലും ഭയം തോന്നുന്നുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇത് വെളിപ്പെടുത്തിയാല്‍ സ്വന്തം ഭാവി എന്താകുമെന്ന് ആശങ്കയുണ്ടെന്നും വിദ്യാര്‍ഥി കൂട്ടിച്ചേര്‍ത്തു.
ഡോ. കെ. റാം മുമ്പും മോശം പെരുമാറ്റത്തിന് ആരോപണവിധേയനായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. കോളേജിലെ ഓറല്‍ പാത്തോളജി വിഭാഗം മേധാവിയായ അദ്ദേഹത്തിനെതിരെ ജൂനിയര്‍ ബാച്ചിലെ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രണ്ട് മാസത്തെ സസ്പെന്ഷന് നല്‍കിയിരുന്നുവെന്നാണ് മറ്റൊരു വിദ്യാര്‍ഥിയുടെ പ്രതികരണം.
