ഇറാനെതിരായ കടന്നാക്രമണത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍നിന്നുള്ള ഭീഷണികളെ ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ വ്യക്തമാക്കി. യുദ്ധവിരുദ്ധ നിലപാടില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ട്രംപിന്റെ വിമര്‍ശനങ്ങള്‍ തുടരുന്ന സാഹചര്യത്തിലും സമാധാനത്തിനായുള്ള തന്റെ നിലപാട് ശക്തമായി തുടരുന്നതായും മാര്‍പാപ്പ പറഞ്ഞു. ചിലര്‍ ക്രിസ്തീയ സന്ദേശങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
നാല് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായി അള്‍ജീരിയയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഡൊണാള്‍ഡ് ട്രംപുമായി വാദപ്രതിവാദത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ലെന്നും, സുവിശേഷ സന്ദേശത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്ത് നിരവധി നിരപരാധികള്‍ യുദ്ധത്തിന്റെ ഇരകളാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ, പ്രശ്‌നങ്ങള്‍ക്ക് നീതിയുക്തമായ പരിഹാരം കണ്ടെത്താന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംവാദവും സഹകരണവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പറഞ്ഞു. സമാധാനപരമായ മാര്‍ഗങ്ങള്‍ എല്ലായ്പ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും, അതിനായി ശബ്ദമുയര്‍ത്തുന്നത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
