വീണ്ടും ഇറാന്റെ ആക്രമണം; ഇന്ത്യക്കാരുമായി പോയ ടാങ്കറിന് നേരെ വെടിവയ്പ്പ്

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമാകുന്നു. ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപം ഇന്ത്യൻ നാവികർ ഉണ്ടായിരുന്ന ഒരു കെമിക്കൽ ടാങ്കറിന് നേരെ ഇറാനിയൻ കോസ്റ്റ് ഗാർഡ് വെടിയുതിർത്തതായി ഇന്ത്യൻ തുറമുഖ-ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. ടോഗോളീസ് പതാകയുള്ള ‘എംടി സൈറൺ’ എന്ന ടാങ്കറിൽ ചിലർ കയറിയതായും റിപ്പോർട്ടുണ്ട്.

ഏപ്രിൽ 25-നാണ് സംഭവം നടന്നത്. ആ സമയം മറ്റ് കപ്പലുകളും സമീപത്ത് ഉണ്ടായിരുന്നുവെന്ന് ഷിപ്പിംഗ് മന്ത്രാലയ ഡയറക്ടർ മൻദീപ് സിംഗ് രന്ധാവ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചുള്ള അന്തർ-മന്ത്രാലയ യോഗത്തിലാണ് അദ്ദേഹം വിശദാംശങ്ങൾ പങ്കുവെച്ചത്. മുന്നറിയിപ്പായി തന്നെയാണ് വെടിവെപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മേഖലയിലെ കപ്പൽ ഗതാഗതം തുടരുന്നതിനുമായി വിദേശകാര്യ മന്ത്രാലയത്തോടും വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളോടും സ്ഥിരമായി ഏകോപനം നടത്തുന്നുണ്ടെന്നും രന്ധാവ അറിയിച്ചു. ഇതുവരെ ഡിജി ഷിപ്പിംഗ് കൺട്രോൾ റൂമിന് 7,780 കോളുകളും 16,650 ഇമെയിലുകളും ലഭിച്ചതായും, 2,770 ഇന്ത്യൻ കപ്പലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈകാര്യം ചെയ്തതായും അദ്ദേഹം പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനുമായി ബന്ധപ്പെട്ട ഇത്തരം സംഭവങ്ങൾ അടുത്തിടെ വർധിച്ചുവരുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു. ഏപ്രിൽ 22-ന് ഇന്ത്യയിലെ മുന്ദ്ര തുറമുഖത്ത് എത്തിയ ഒരു കപ്പലിനെയും, ഏപ്രിൽ 18-ന് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ രണ്ട് ഇന്ത്യൻ കപ്പലുകളെയും ഇറാൻ ലക്ഷ്യമിട്ടിരുന്നു. സംഭവങ്ങളിൽ ഇന്ത്യ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അതേസമയം, അനുമതിയില്ലാതെ തങ്ങളുടെ സമുദ്രാതിർത്തിയിൽ പ്രവേശിച്ചതിനാലാണ് നടപടിയെന്നു ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് നേവി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക