ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവെച്ചു; ഉഭയകക്ഷി വ്യാപാരം 500 കോടി ഡോളറായി ഉയർത്തുക ലക്‌ഷ്യം

ഇന്ത്യയും ന്യൂസിലൻഡും നിർണായകമായ സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവച്ചു. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലും ന്യൂസിലൻഡ് വ്യാപാരമന്ത്രി ടോഡ് മക്ലേയുമാണ് കരാറിൽ ഒപ്പുവെച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 500 കോടി ഡോളറായി ഉയർത്തുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം.

ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിലാണ് കരാറിന്റെ ഔദ്യോഗിക രേഖയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. വ്യാപാരത്തിന് പുറമെ ആരോഗ്യം, ഐടി, തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനും കരാർ ലക്ഷ്യമിടുന്നു. ഇത് ചരിത്രപരമായ കരാറാണെന്നും ഇരുരാജ്യങ്ങൾക്കുമിടയിൽ പുതിയ സാധ്യതകൾ തുറക്കുന്നുവെന്നും ന്യൂസിലൻഡ് വ്യാപാരമന്ത്രി വ്യക്തമാക്കി.

കരാർ നിലവിൽ വരുന്നതോടെ ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷ. ഇത് യുവാക്കൾക്കും കർഷകർക്കും സംരംഭകർക്കും ഗുണകരമാകും. കരാർ പ്രകാരം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന മരുന്നുകൾ, പാദരക്ഷകൾ ഉൾപ്പെടെ 8284 ഉൽപ്പന്നങ്ങൾക്ക് ന്യൂസിലൻഡിൽ 100 ശതമാനം നികുതി ഇളവ് ലഭിക്കും.

അതേസമയം തുകൽ, കൈത്തറി, കരകൗശല വസ്തുക്കൾ എന്നിവയുടെ കയറ്റുമതിക്ക് 70 ശതമാനം ഇളവും ലഭിക്കും. കമ്പിളി, മരം, കൽക്കരി, വൈൻ, പഴങ്ങൾ തുടങ്ങിയ ന്യൂസിലൻഡിൽ നിന്ന് ഇന്ത്യയിലേക്കുള്ള മിക്ക ഇറക്കുമതികൾക്കും 95 ശതമാനം തീരുവ ഇളവ് നൽകുമെന്നും കരാറിൽ പറയുന്നു.

മറുപടി രേഖപ്പെടുത്തുക