സെക്രട്ടറിയേറ്റിലെ ചർച്ചകൾ തെറ്റായി വ്യാഖ്യാനിക്കുന്നു; മാധ്യമ റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമെന്ന് സി.പി.ഐ(എം)

സംസ്ഥാന സെക്രട്ടറിയേറ്റിൽ നടന്ന ചർച്ചകളെക്കുറിച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ അപ്രതീക്ഷിത പരാജയം സംബന്ധിച്ചായിരുന്നു സെക്രട്ടറിയേറ്റിൽ വിശദമായ ചർച്ചകൾ നടന്നതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കി മുന്നേറിയ സംസ്ഥാന സർക്കാരിന് തുടർഭരണം ലഭിക്കുമെന്നായിരുന്നു പാർട്ടിയുടെ പ്രതീക്ഷ. എന്നാൽ അത് സാധ്യമാകാതിരുന്നതിന്റെ കാരണങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് ഗൗരവമായി പരിശോധിച്ചു. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വിമർശനപരവും സ്വയം വിമർശനപരവുമായ വിലയിരുത്തലുകൾ യോഗത്തിൽ ഉയർന്നുവന്നതായും പ്രസ്താവനയിൽ പറയുന്നു.

ചർച്ചകൾ ഏതെങ്കിലും വ്യക്തികളെ കുറ്റപ്പെടുത്തുന്നതിന് വേണ്ടിയല്ല നടന്നതെന്നും, ഉണ്ടായ പോരായ്മകൾ പാർട്ടിയിലുടനീളം പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ കൊണ്ടുവരാൻ ഐക്യകണ്ഠേന തീരുമാനിച്ചതായും സി.പി.ഐ(എം) വ്യക്തമാക്കി. കൃത്യമായ പരിശോധനയും തിരുത്തലുകളും വഴി ഈ പരാജയത്തെ അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രകടിപ്പിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന കൈക്കൊണ്ട തീരുമാനങ്ങളെ ഇകഴ്‌ത്തിക്കാണിക്കാനും പാർട്ടിക്കകത്ത് ഭിന്നതകളുണ്ടെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കാനുമാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് പ്രസ്താവനയിൽ ആരോപിക്കുന്നു. പാർട്ടിക്കെതിരെ വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കള്ളപ്രചാരണങ്ങളുടെ തുടർച്ചയായാണ് ഇത്തരം റിപ്പോർട്ടുകളെ കാണുന്നതെന്നും, ഇത്തരം പ്രചരണങ്ങളെ ജനങ്ങൾ തള്ളിക്കളയണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു.

മറുപടി രേഖപ്പെടുത്തുക