വി.എസിന് പകരം വി.എസ് മാത്രം; അദ്ദേഹം ഇപ്പോഴും നമ്മോടൊപ്പമുണ്ടെന്ന തോന്നൽ: പിണറായി വിജയൻ

വി.എസ്. അച്യുതാനന്ദൻ വിടപറഞ്ഞിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും അദ്ദേഹം ഇപ്പോഴും എവിടെയോ നമ്മോടൊപ്പമുണ്ടെന്ന തോന്നലാണ് എല്ലാവർക്കുമുള്ളതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ആലപ്പുഴ വലിയ ചുടുകാട്ടിൽ സംഘടിപ്പിച്ച വി.എസ്. അച്യുതാനന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വി.എസിന് പകരമാകാൻ വി.എസ് മാത്രമേ ഉള്ളൂ” എന്ന് പറഞ്ഞ പിണറായി, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലം മുതൽ ആലപ്പുഴയുടെ രാഷ്ട്രീയ-സാമൂഹിക ജീവിതവുമായി വി.എസ്. അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും ഓർമിപ്പിച്ചു.

അനുസ്മരണ സമ്മേളനത്തിന് മുമ്പ് വി.എസിന്റെ വസതിയിലെത്തിയ ശേഷമാണ് പിണറായി ചടങ്ങിൽ പങ്കെടുത്തത്. കേരളത്തിൽ സിപിഐഎമ്മിനെ ശക്തവും ജനകീയവുമായ പ്രസ്ഥാനമായി വളർത്തുന്നതിൽ വി.എസ്. നിർണായക പങ്കുവഹിച്ച വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു.

വ്യത്യസ്തമായ നേതൃപാടവവും പോരാട്ടവീര്യവും കാട്ടിയ നേതാവായിരുന്നു വി.എസ്. ഭരണകൂടങ്ങളുടെ കടുത്ത മർദനങ്ങൾക്കുമുന്നിൽ ഒരിക്കലും പതറാതെ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും പിണറായി പറഞ്ഞു. പ്രതിസന്ധികളിലും അദ്ദേഹം തളർന്നില്ല; കൂടുതൽ കരുത്തോടെയും വ്യക്തതയോടെയും ഉയർന്നുവന്ന നേതാവായിരുന്നു വി.എസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്ററി രംഗത്തും മികച്ച ഇടപെടലുകൾ നടത്തിയ നേതാവെന്ന നിലയിൽ വി.എസ്. ശ്രദ്ധേയനായിരുന്നുവെന്ന് പിണറായി അനുസ്മരിച്ചു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാർട്ടി നേതാക്കളും പ്രവർത്തകരും വലിയ തോതിൽ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക