പ്രധാനമന്ത്രിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കൂടിക്കാഴ്ച നടത്തി; കർണാടകയുടെ മേക്കേദാട്ടു പദ്ധതിക്ക് അനുമതി നൽകരുതെന്ന് ആവശ്യം

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ തലസ്ഥാനത്ത് വെച്ച് നടന്ന 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ, തമിഴ്‌നാടിന്റെ വികസനവുമായി ബന്ധപ്പെട്ട നിരവിധി സുപ്രധാന വിഷയങ്ങളും ആവശ്യങ്ങളും വിജയ് പ്രധാനമന്ത്രിക്ക് മുന്നിൽ സമർപ്പിച്ചു. നെതർലൻഡ്‌സിൽ നിന്ന് പുരാതനമായ ചോഴ കാലഘട്ടത്തിലെ ചെമ്പ് തകിടുകൾ അടുത്തിടെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതിൽ തമിഴ് ജനതയ്ക്കുള്ള നന്ദി വിജയ് പ്രധാനമന്ത്രിയെ നേരിട്ടറിയിച്ചു.

കാവേരി നദിക്ക് കുറുകെ മേക്കേദാട്ടുവിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടകയുടെ നീക്കത്തിന് കേന്ദ്ര സർക്കാർ യാതൊരു കാരണവശാലും അനുമതി നൽകരുതെന്ന് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രിയോട് കർശനമായി ആവശ്യപ്പെട്ടു. ഈ പദ്ധതി യാഥാർത്ഥ്യമായാൽ തമിഴ്‌നാടിന്റെ താഴ്ന്ന പ്രദേശങ്ങളിലെ ജലലഭ്യതയെയും കാർഷിക മേഖലയെയും അത് അതീവ ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

“കർണാടകയും തമിഴ്‌നാടും തമ്മിലുള്ള അതിർത്തി പങ്കിടുന്ന നദിയിൽ ഏകപക്ഷീയമായി നിർമ്മിക്കുന്ന ഏതൊരു പദ്ധതിയും കാവേരി ജല തർക്ക ട്രൈബ്യൂണലിന്റെയും സുപ്രീം കോടതി വിധിയുടെയും അന്തഃസത്തയ്ക്ക് വിരുദ്ധമാണ്. അതിനാൽ മേക്കേദാട്ടു പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി-ജല മന്ത്രാലയങ്ങൾ അനുമതി നൽകരുത്,” വിജയ് കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശം നൽകാൻ കേന്ദ്ര ജലശക്തി മന്ത്രാലയത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക സർക്കാർ പരിപാടികളുടെയും തുടക്കത്തിൽ തമിഴ്‌നാടിന്റെ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കാൻ പ്രത്യേക അനുമതി നൽകണമെന്നും വിജയ് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ വലിയ രീതിയിലുള്ള പ്രോട്ടോക്കോൾ മാറ്റങ്ങൾ വരുത്തിയിരുന്നു. വന്ദേമാതരം ഗാനം പൂർണ്ണമായും ആലപിച്ച ശേഷമാണ് ദേശീയ ഗാനമായ ജനഗണ മനയും തുടർന്ന് തമിഴ് പ്രാർത്ഥനാ ഗാനവും ആലപിച്ചത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ പരിപാടികളിൽ അടക്കം തമിഴ് ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക അനുമതി മുഖ്യമന്ത്രി വിജയ് തേടിയിരിക്കുന്നത്. തമിഴ്‌നാടിന്റെ ആവശ്യങ്ങളോട് അനുകൂലമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

മറുപടി രേഖപ്പെടുത്തുക