ജൂൺ 11 മുതൽ ജൂലൈ 19 വരെ യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി അരങ്ങേറുന്ന 23-ാമത് ഫിഫ ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഇതിഹാസ താരം ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള 26 അംഗ കരുത്തുറ്റ സംഘത്തെയാണ് കോച്ച് ലയണൽ സ്‌കലോനി പ്രഖ്യാപിച്ചത്. കനത്ത പോരാട്ടത്തിനൊടുവിൽ 2022-ൽ നേടിയ ലോകകിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇത്തവണ കളത്തിലിറങ്ങുന്നത്.
ലയണൽ മെസ്സിക്ക് പുറമെ ജൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടാമെൻഡി, റോഡ്രിഗോ ഡിപോൾ എന്നിങ്ങനെ കഴിഞ്ഞ ലോകകപ്പ് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഒട്ടുമിക്ക പ്രമുഖ താരങ്ങളും ടീമിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്.
ടീം പ്രഖ്യാപനത്തിൽ ചില വൻ അട്ടിമറികളും സ്‌കലോനി നടത്തിയിട്ടുണ്ട്. റോമയുടെ സൂപ്പർ താരം പൗലോ ഡിബാലയെ ഇത്തവണ ടീമിലേക്ക് പരിഗണിച്ചില്ല. കഴിഞ്ഞ ലോകകപ്പിൽ തിളങ്ങിയ പ്രതിരോധ താരം മാർക്കോസ് അക്യുനയും ടീമിൽ നിന്ന് പുറത്തായി. റയൽ മാഡ്രിഡിന്റെ 18 കാരനായ യുവ വിസ്മയം ഫ്രാങ്കോ മസ്റ്റന്റുവോനോയ്ക്കും അന്തിമ പട്ടികയിൽ ഇടം നേടാനായില്ല.
ലോകകപ്പിൽ ഗ്രൂപ്പ് ജെയിലാണ് അർജന്റീന മത്സരിക്കുന്നത്. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ.
ലോകകപ്പിനുള്ള അർജന്റീന ടീം:
ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ജെറോണിമോ റുള്ളി, ജുവാൻ മൂസ്സോ.
പ്രതിരോധനിര: നിക്കോളാസ് ഒട്ടാമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോൺസാലോ മൊണ്ടിയൽ, ലിയാൻഡ്രോ ബാലേർഡി, ഫക്കൂണ്ടോ മെദീന, നവൽ മൊളീന.
മധ്യനിര: റോഡ്രിഗോ ഡി പോൾ, അലക്സിസ് മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ലിയാൻഡ്രോ പാരഡെസ്, ജിയോവാനി ലോ സെൽസോ, എസക്വെൽ പാലാസിയോസ്, വാലന്റൈൻ ബാർക്കോ.
മുന്നേറ്റനിര: ലയണൽ മെസ്സി, ജൂലിയൻ അൽവാരസ്, ലൗട്ടാറോ മാർട്ടിനെസ്, നിക്കോളാസ് ഗോൺസാലസ്, തിയാഗോ അൽമാഡ, ജൂലിയാനോ സിമിയോണി, നികോ പാസ്, ജോസ് മാനുവൽ ലോപസ്.
