നയപ്രഖ്യാപനമല്ല, നയരാഹിത്യ പ്രഖ്യാപനം; കേന്ദ്രത്തിനെതിരായ മൗനം കേരളത്തിന് തിരിച്ചടിയാകും; വിമർശനവുമായി പിണറായി വിജയൻ

സംസ്ഥാന യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണർ നിയമസഭയിൽ അവതരിപ്പിച്ചത് നയപ്രഖ്യാപനമല്ല, മറിച്ച് ‘നയരാഹിത്യ പ്രഖ്യാപന’മാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പിണറായി വിജയന്റെ ആദ്യ ഔദ്യോഗിക വാർത്താ സമ്മേളനത്തിലായിരുന്നു സർക്കാരിനെതിരെയുള്ള ഈ കടന്നാക്രമണം.

കേന്ദ്ര സർക്കാർ കേരളത്തോട് സ്വീകരിക്കുന്ന അവഗണനയും വിവേചനപരമായ സമീപനങ്ങളും നയപ്രഖ്യാപനത്തിൽ കൃത്യമായി ഉൾപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ പറയേണ്ട കാര്യങ്ങളിൽ പലതിലും സർക്കാർ ബോധപൂർവ്വം മൗനം പാലിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന് കേന്ദ്രത്തിൽ നിന്ന് വലിയ തോതിൽ ഫണ്ടുകളും പദ്ധതികളും ചോദിച്ചു വാങ്ങാനുണ്ട്. അതിനെക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനം പാലിച്ചത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

പിണറായി വിജയന്റെ വാക്കുകൾ ഇങ്ങിനെ :

“കേന്ദ്രത്തിൽ നിന്ന് ചോദിച്ചു വാങ്ങേണ്ടതിനെ കുറിച്ച് മൗനം പാലിച്ചാൽ സംസ്ഥാന സർക്കാരിന് അർഹതപ്പെട്ടത് നഷ്ടപ്പെടാൻ അത് ഇടയാക്കും. കേരളത്തിന്റെ സമഗ്ര വികസനത്തിനായി നേരത്തെ ഒരു ബ്ലൂ പ്രിന്റ് ആവിഷ്‌കരിച്ചിരുന്നതാണ്. അതേ കുറിച്ച് ഒരു സൂചനയും നയപ്രഖ്യാപനത്തിൽ ഇല്ല. പ്രധാന പദ്ധതികളെ കുറിച്ചൊന്നും പരാമർശമില്ലാത്ത, കൃത്യമായ കാഴ്ചപ്പാടില്ലാത്ത നയപ്രഖ്യാപനമാണ് സഭയിൽ കണ്ടത്. യു.ഡി.എഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം കൂടിയാണിത്. കേരളത്തെ പുതുയുഗത്തിലേക്ക് ആനയിക്കുന്നതിനെ കുറിച്ച് ഒന്നും ഇതിലില്ല. ഇത് സംസ്ഥാനത്തിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കും.”

സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് കാരണമായ കിഫ്ബിയെക്കുറിച്ചോ, സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീയെക്കുറിച്ചോ നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാർ ഒന്നും പറയുന്നില്ലെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പരമ്പരാഗത വ്യവസായ മേഖലയെയും സംസ്ഥാനത്തിന്റെ നട്ടെല്ലായ പ്രവാസ ലോകത്തെയും സർക്കാർ പൂർണ്ണമായി അവഗണിച്ചു.

മുൻ സർക്കാർ വിജയകരമായി മുന്നോട്ട് കൊണ്ടുപോയ അതിദാരിദ്ര്യ നിർമാർജനത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് പുതിയ നയത്തിൽ യാതൊരു പരാമർശവുമില്ല. കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങളെ പേരിന് പോലും വിമർശിക്കാൻ പുതിയ ഭരണകൂടം തയ്യാറായിട്ടില്ല. കൂടാതെ, ലക്ഷക്കണക്കിന് പ്രവാസികളെ ബാധിക്കുന്ന പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തെക്കുറിച്ചോ അതുമൂലം സംസ്ഥാനത്തുണ്ടാകാൻ പോകുന്ന പ്രതിസന്ധികളെക്കുറിച്ചോ നയപ്രഖ്യാപനത്തിൽ ഒരക്ഷരം പോലും പ്രതിപാദിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക