വർഗീയ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബി. ഗോപാലകൃഷ്ണനെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ഏതെങ്കിലും മതത്തെ ലക്ഷ്യമാക്കി സംസാരിക്കുന്നത് പാർട്ടിയുടെ നയം അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ നിയമം സ്വന്തം രീതിയിൽ നടപടി സ്വീകരിക്കട്ടെയെന്നും, കുറ്റം തെളിഞ്ഞാൽ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ട് ഡീൽ ആരോപണങ്ങളും രാജീവ് ചന്ദ്രശേഖർ തള്ളി. ബിജെപിയെ ഉൾപ്പെടുത്തി ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നത് രാഷ്ട്രീയ ശ്രദ്ധ തിരിക്കാനാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
സിപിഐഎമ്മും കോൺഗ്രസും തമ്മിൽ വലിയ വ്യത്യാസമില്ലെന്നും, ഭയത്തിന്റെ പേരിലാണ് ഇത്തരം ആരോപണങ്ങൾ ഉയരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിന് 100 സീറ്റുകൾ നേടാനാകില്ലെന്നും, പരമാവധി 40 സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നും അദ്ദേഹം വിലയിരുത്തി.
