നിയമസഭാ തെരഞ്ഞെടുപ്പ്: ആദിവാസി സംഘടനകൾ യുഡിഎഫിനെ പിന്തുണക്കുമെന്ന് എം ഗീതാനന്ദൻ

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ദലിത്-ആദിവാസി സംഘടനകളുടെ സംയുക്ത വേദിയായ അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (ADF) അറിയിച്ചു. ജനറൽ കൺവീനർ എം. ഗീതാനന്ദനാണ് വാർത്താസമ്മേളനത്തിൽ ഈ നിലപാട് വ്യക്തമാക്കിയതാണ്.

എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്ക് അനുവദിച്ചിരുന്ന ബജറ്റ് വിഹിതം പിണറായി സർക്കാർ വഴിതെറ്റിച്ചുവെന്നാരോപിച്ച ഗീതാനന്ദൻ, കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 7411 കോടി രൂപ വക മാറ്റുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തുവെന്ന് ആരോപിച്ചു. വിദ്യാഭ്യാസത്തിനായി അനുവദിക്കുന്ന തുകയുടെ ഏകദേശം 50 ശതമാനം മാത്രമാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇ-ഗ്രാൻ്റ് സംവിധാനത്തിലുണ്ടായ വീഴ്ചകൾ കാരണം വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭിക്കാത്തതും പ്രശ്നങ്ങൾ സൃഷ്ടിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ ഫലമായി 150-ഓളം വിദ്യാർത്ഥികൾ ഉന്നതപഠനം ഉപേക്ഷിക്കേണ്ടി വന്നുവെന്നും, ഹോസ്റ്റൽ അലവൻസ് പോലുള്ള ആനുകൂല്യങ്ങൾ വൈകുന്നതും ഇതിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈഫ് ഭവനപദ്ധതി ഉൾപ്പെടെയുള്ള ഫണ്ടുകൾ മറ്റുവിഭാഗങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും, ആദിവാസി വനാവകാശ നിയമത്തിലെ സാമൂഹിക വനാവകാശം നടപ്പാക്കാത്തതും ഗീതാനന്ദൻ വിമർശിച്ചു. കൂടാതെ, ഭൂരഹിതർക്കായി കേന്ദ്രം അനുവദിച്ച ഭൂമി വിതരണം ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇ-ഗ്രാൻ്റ് കുടിശിക തീർത്തെന്ന മന്ത്രി ഒ.ആർ. കേളുവിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും, സംസ്ഥാന ബജറ്റിന്റെ വലിയൊരു വിഹിതം ശമ്പളം, പെൻഷൻ തുടങ്ങിയ നോൺ-പ്ലാൻ മേഖലകളിലേക്കാണ് ചെലവാക്കുന്നതെന്നും ഗീതാനന്ദൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക