നെടുമങ്ങാട്ടെ കുഞ്ഞിന്റെ കൊലപാതകത്തിൽ കുറ്റമറ്റ രീതിയിലും അതീവ ജാഗ്രതയോടെയും കേസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. പ്രതിയായ അഷ്കർ ഇനി ഒരിക്കലും പുറംലോകം കാണില്ലെന്ന് ഉറപ്പാക്കണമെന്നും, അഷ്കറിന്റെ ആദ്യ ഭാര്യ ആമിനയ്ക്ക് ആവശ്യമായ എല്ലാ നിയമസഹായങ്ങളും സർക്കാർ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. നാളെത്തന്നെ താൻ നേരിട്ടെത്തി ആമിനയെ സന്ദർശിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു .
നെടുമങ്ങാട് നടന്ന ക്രൂരത മനസാക്ഷിയുള്ള ഏതൊരു മനുഷ്യനും താങ്ങാവുന്നതിലും അപ്പുറമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. “ഇത്രയും വലിയൊരു ക്രൂരത നടന്നിട്ടും നാട്ടുകാരോ അധികാരികളോ ഇത് അറിയാതെ പോയത് കഷ്ടമാണ്. ഇത് വളരെ നേരത്തേ തന്നെ പരിഹരിക്കപ്പെടേണ്ടതായിരുന്നു. സ്വന്തം കുഞ്ഞിനെയും ആദ്യ ഭാര്യയെയും ക്രൂരമായി ആക്രമിച്ച് ഇത്രയും നാളും അഷ്കറിന് യാതൊരു ഭയവുമില്ലാതെ വിലസി നടക്കാൻ കഴിഞ്ഞു എന്നത് നമ്മെ ഏറെ ചിന്തിപ്പിക്കേണ്ട കാര്യമാണ്. ഈ ഘട്ടത്തിൽ കുമളിയിലെ ഷെഫീക്കിന്റെ സംഭവമാണ് ഓർമ്മ വരുന്നത്. ഈ കേസിൽ അതീവ ജാഗ്രതയോടെ കുറ്റമറ്റ രീതിയിൽ വിചാരണ പൂർത്തിയാക്കി പ്രതിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കും.”- മന്ത്രി പറഞ്ഞു.
കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ കൂടി വലിയ ഉത്തരവാദിത്തമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ ഓർമ്മിപ്പിച്ചു. പ്രതിയായ അഷ്കറിന്റെ ആദ്യ ഭാര്യ ആമിന അനുഭവിച്ച വേദനകൾ ഞെട്ടിപ്പിക്കുന്നതാണ്. നാളെത്തന്നെ ആമിനയെ നേരിൽ കണ്ട് സംസാരിക്കുമെന്നും, അവർക്ക് ഇനി മുന്നോട്ടുള്ള ജീവിതത്തിൽ എന്ത് സഹായമാണോ നൽകാൻ കഴിയുക അതെല്ലാം സർക്കാർ ചെയ്യുമെന്നും മന്ത്രി ഉറപ്പുനൽകി.
