ഏറ് കിട്ടുന്ന കല്ലുകൾ കൊണ്ട് കൊട്ടാരം പണിയും, എഴുത്ത് നിർത്താൻ ഉദ്ദേശിച്ചിട്ടില്ല; പുസ്തക വിവാദത്തിൽ കെ.ആർ. മീര

പുതിയ നോവലായ ‘കലാച്ചി’യെച്ചൊല്ലിയുള്ള പുസ്തക വിവാദങ്ങളിലും സൈബർ ആക്രമണങ്ങളിലും ശക്തമായ പ്രതികരണവുമായി പ്രമുഖ എഴുത്തുകാരി കെ.ആർ. മീര. താൻ എക്കാലത്തും ‘എയറിൽ’ നിന്നാണ് എഴുതിയിട്ടുള്ളതെന്നും, തനിക്കെതിരെ വരുന്ന കല്ലേറുകളെയും വിമർശനങ്ങളെയും അതിജീവിച്ച് എഴുത്ത് തുടരുമെന്നും അവർ വ്യക്തമാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന പ്രൊഫസർ കെ. സുധാകരൻ സാംസ്കാരിക പുരസ്കാര സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

‘കലാച്ചി’ തന്റെ കരിയറിലെ കടുത്തൊരു സാഹിത്യ പരീക്ഷണമാണെന്ന് മീര പറഞ്ഞു. ഒരുപാട് യാത്ര ചെയ്തും ദീർഘകാലം ആഴത്തിൽ ചിന്തിച്ചുമാണ് ഈ പുസ്തകം വായനക്കാർക്ക് മുന്നിൽ സമർപ്പിച്ചത്. സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയുന്ന സ്ത്രീകളെ നിശബ്ദരാക്കാൻ കാലങ്ങളായി സമൂഹത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, എന്നാൽ എത്ര പ്രതിസന്ധികളുണ്ടായാലും നിലപാടുകൾ വ്യക്തമാക്കുന്നതിൽ നിന്നും എഴുത്തിൽ നിന്നും പിന്നോട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

എഴുത്തുലോകത്തെ പുരുഷാധിപത്യ പ്രവണതകളെയും മാധ്യമങ്ങളുടെ സമീപനത്തെയും കെ.ആർ. മീര രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സാഹിത്യത്തിലെ അനുകരണ വിവാദങ്ങളിൽ ഒരിടത്തും പുരുഷന്മാരുടെ പേര് വരാറില്ല. ‘എംടിയടി’ എന്നോ ‘പുനത്തിലടി’ എന്നോ ഉള്ള പ്രയോഗങ്ങൾ ആരും കേട്ടിട്ടില്ല. എന്നാൽ ഒരു സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് കവിത പ്രസിദ്ധീകരിച്ച സംഭവത്തിൽ, ചതിക്കപ്പെട്ട സ്ത്രീക്ക് ജീവിതകാലം മുഴുവൻ ‘ദീപയടി’ എന്ന ബാഡ്ജ് കുത്തിക്കൊടുത്തു. എന്നാൽ ചതിച്ച പുരുഷനോട് ആരും ചോദ്യങ്ങൾ ചോദിച്ചില്ല. വേണമെങ്കിൽ ആ പ്രയോഗം മാറ്റി ‘മീരയടി’ എന്ന് വിളിച്ചോളൂ, താനത് സന്തോഷത്തോടെ സ്വീകരിക്കാം.

അനാവശ്യ കാര്യങ്ങൾ ആഘോഷമാക്കുന്ന രീതിയാണ് ഇന്നത്തെ മാധ്യമങ്ങൾക്കുള്ളത്. തങ്ങൾക്ക് വിശ്വസിക്കാൻ താല്പര്യമുള്ളത് മാത്രം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മാധ്യമ അധർമ്മമാണ് ഇവിടെ നടക്കുന്നത്. മുൻകാലങ്ങളിൽ മാധ്യമപ്രവർത്തകർ മനുഷ്യത്വത്തോടെയാണ് എഴുത്തുകാരെ സമീപിച്ചിരുന്നതെന്നും, ഇപ്പോൾ ആ രീതി മാറിയെന്നും മീര കുറ്റപ്പെടുത്തി. തന്റെ നിലപാടുകളും വാക്കുകളും പുസ്തകങ്ങളും തനിക്കുവേണ്ടി എക്കാലത്തും സംസാരിക്കുമെന്നും വിവാദങ്ങൾ കണ്ട് ഒളിച്ചോടില്ലെന്നും പറഞ്ഞാണ് കെ.ആർ. മീര പ്രസംഗം അവസാനിപ്പിച്ചത്.

മറുപടി രേഖപ്പെടുത്തുക