പാകിസ്ഥാന് വേണ്ടി ചാരവൃത്തി : യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചു

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് രാജ്യത്തെ അതീവ സുരക്ഷിത മേഖലകളുടെ വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ പ്രമുഖ യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഹരിയാണ പോലീസ് രജിസ്റ്റർ ചെയ്ത ചാരവൃത്തി കേസിൽ ജ്യോതി കസ്റ്റഡിയിൽ തുടരും.

കഴിഞ്ഞ മാർച്ച് മാസത്തിൽ പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യദ്രോഹപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും തന്ത്രപ്രധാന വിവരങ്ങൾ അയൽരാജ്യത്തിന് കൈമാറിയതിനും ജ്യോതിക്കെതിരെ പ്രഥമദൃഷ്ട്യാ ശക്തമായ തെളിവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

“ട്രാവൽ വിത്ത് ജോ” എന്ന ജനപ്രിയ യൂട്യൂബ് ചാനൽ നടത്തിയിരുന്ന ജ്യോതി മൽഹോത്ര, പാക് സന്ദർശനത്തിനിടെ ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ എഹ്‌സാൻ-ഉർ-റഹീം എന്നയാളുമായി ബന്ധ സ്ഥാപിച്ചതോടെയാണ് ചാരവൃത്തിയിലേക്ക് തിരിഞ്ഞതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

തുടർന്ന് സോഷ്യൽ മീഡിയ വഴി നിരവധി പാക് ഇന്റലിജൻസ് ഏജന്റുമാരുമായി ഇവർ നിരന്തരം സമ്പർക്കം പുലർത്തി. ഇവരുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധനയിൽ പാണ്ഡോഹ് ഡാം, മുന്നബാവോ റെയിൽവേ സ്റ്റേഷൻ, ഒരു സി.ആർ.പി.എഫ് ക്യാമ്പ് എന്നിവയുടെ ചിത്രങ്ങളും വീഡിയോകളും പാകിസ്ഥാന് കൈമാറിയതായി തെളിഞ്ഞിട്ടുണ്ട്. തൻ്റെ കുറ്റകൃത്യങ്ങൾ മറയ്ക്കാൻ ചാറ്റ് റെക്കോർഡുകൾ ഇല്ലാതാക്കിയതായും പോലീസ് കണ്ടെത്തി.

2025 മെയ് 16-നാണ് ഹിസാറിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ ജ്യോതിയെ ഹരിയാണ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടരന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം ജ്യോതിക്ക് പാക് വിസ ലഭിക്കാൻ പ്രത്യേക പരിഗണന കിട്ടിയതായും ഷാക്കിർ, ഹസൻ അലി തുടങ്ങിയ പാക് ഏജന്റുമാരുമായി ഇവർ പണമിടപാടുകൾ നടത്തിയതായും കണ്ടെത്തി 2500 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.

തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും വെളിപ്പെടുത്തൽ മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പ്രതിചേർത്തതെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദങ്ങൾ സുപ്രീം കോടതി അംഗീകരിച്ചില്ല. ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് (ഔദ്യോഗിക രഹസ്യ നിയമം), ഭാരതീയ ന്യായ സംഹിത എന്നിവയിലെ കടുത്ത വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

മറുപടി രേഖപ്പെടുത്തുക