മിഡിൽ ഈസ്റ്റിന്റെ മണ്ണിൽ ഒരിക്കൽക്കൂടി നയതന്ത്രത്തിന്റെ ഔദ്യോഗിക മേശകൾക്ക് വിലയില്ലാതാകുകയാണ്. ലബനനിലും ഹിസ്ബുള്ളയ്ക്കെതിരെയും ഇസ്രായേൽ സൈനിക നടപടി ശക്തമാക്കിയതോടെ, അമേരിക്കയുമായി കാലങ്ങളായി നടത്തിവന്ന പരോക്ഷ ചർച്ചകളിൽ നിന്ന് ഇറാൻ പൂർണ്ണമായും പിന്മാറിയിരിക്കുന്നു. ഇത് വെറുമൊരു അതിർത്തി തർക്കമല്ല, മറിച്ച് ഇസ്രായേലിന്റെ സുരക്ഷാ മോഹങ്ങളും, ഇറാന്റെ പ്രാദേശിക സ്വാധീനവും, സമാധാന കരാറിനായി ശ്രമിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ തന്ത്രങ്ങളും പരസ്പരം ഏറ്റുമുട്ടുന്ന ഒരു വലിയ യുദ്ധഭൂമിയാണ്.
ഒറ്റനോട്ടത്തിൽ വടക്കൻ അതിർത്തിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഇസ്രായേലിന്റെ ശ്രമമായി ഇതിനെ കാണാമെങ്കിലും, ലബനനിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നുള്ള ഇസ്രായേലിന്റെ സൈനിക നീക്കം രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചു. പ്രത്യേകിച്ച്, മുൻകാല ചെറുത്തുനിൽപ്പുകളുടെ പ്രതീകമായ ‘ബ്യൂഫോർട്ട് കാസിൽ’ മേഖല ഇസ്രായേൽ പിടിച്ചെടുത്തത് ലബനന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ലബനൻ സർക്കാരിന് ഹിസ്ബുള്ളയെ നിയന്ത്രിക്കാനോ ഇസ്രായേലിനെ തടയാനോ കഴിയാത്ത വിധം ദുർബലമാണ് കാര്യങ്ങൾ.
കാലങ്ങളായി ഇസ്രായേലിനെ നിരുപാധികം പിന്തുണച്ചിരുന്ന യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടുകളിൽ ഇപ്പോൾ കാര്യമായ മാറ്റം ദൃശ്യമാണ്. ഗാസ യുദ്ധത്തിന് പിന്നാലെ ലബനനിലേക്കും അധിനിവേശം വ്യാപിപ്പിച്ചത് ഫ്രാൻസ്, ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഫ്രാൻസിന്റെ ആവശ്യപ്രകാരം യു.എൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നത് ഇതിന്റെ തെളിവാണ്. ഇസ്രായേലിന്റെ സൈനിക നടപടികൾ മേഖലയെ കൂടുതൽ വഷളാക്കുകയാണെന്ന് യൂറോപ്പ് കരുതുന്നു. ഇത് വരുംദിവസങ്ങളിൽ ഇസ്രായേലിനുള്ള ആയുധ വിതരണത്തെയും വ്യാപാര കരാറുകളെയും ബാധിച്ചേക്കാം.
ബെന്യാമിൻ നെതന്യാഹുവിന്റെ വലതുപക്ഷ സർക്കാരിന് ഈ യുദ്ധം മൂന്ന് തലങ്ങളിൽ പ്രധാനമാണ്:
ഒക്ടോബർ 7-ലെ വീഴ്ചയ്ക്ക് ശേഷം തകർന്ന ജനവിശ്വാസം വീണ്ടെടുക്കാനും ശക്തമായ ഭരണം കാഴ്ചവെക്കാനും നെതന്യാഹുവിന് സൈനിക വിജയം അനിവാര്യമാണ്. ഹിസ്ബുള്ളയെ തകർക്കുക വഴി ലെബനൻ വഴി ഇറാൻ തങ്ങൾക്കുമേൽ ചെലുത്തുന്ന സ്വാധീനത്തിന്റെ വേരറുക്കുക. ഹിസ്ബുള്ളയെ ലിറ്റാനി നദിക്ക് അപ്പുറത്തേക്ക് തള്ളിവിട്ട് അതിർത്തിയിൽ സ്വന്തം നിയന്ത്രണത്തിലുള്ള ദീർഘകാല സുരക്ഷാ മേഖല രൂപീകരിക്കുക എന്നിങ്ങിനെയാണത് .
ലബനനിലെ ഒരു വലിയ വിഭാഗം ജനങ്ങൾ ഹിസ്ബുള്ളയെ ഇറാന്റെ കയ്യിലെ കളിപ്പാവയായി കാണുന്നുണ്ടെങ്കിലും, ഇസ്രായേൽ ആക്രമണം കടുപ്പിക്കുമ്പോൾ ഹിസ്ബുള്ള രാജ്യത്തിന്റെ രക്ഷകരായി മാറുന്ന വിരോധാഭാസമാണ് കാണുന്നത്. ബാഹ്യശക്തികളുടെ ആക്രമണമുണ്ടാകുമ്പോൾ ഹിസ്ബുള്ളയെ വിമർശിക്കുന്നത് ലബനൻ രാഷ്ട്രീയത്തിൽ ബുദ്ധിമുട്ടായി മാറുന്നു. ഇത് ഹിസ്ബുള്ളയ്ക്ക് കൂടുതൽ രാഷ്ട്രീയ പിന്തുണ നേടിക്കൊടുത്തേക്കാം.
ഇറാനുമായി ചാനലുകൾ തുറന്ന് മിഡിൽ ഈസ്റ്റിൽ ഒരു താൽക്കാലിക വെടിനിർത്തലെങ്കിലും കൊണ്ടുവരാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിനിടയിലാണ് ഇസ്രായേൽ ആക്രമണം ശക്തമാക്കിയത്. യുഎസിന് തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രായേലിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന സന്ദേശമാണ് ഇത് നൽകുന്നത്. തൽഫലമായി, സമാധാന ചർച്ചകൾ പൂർണ്ണമായും സൈനിക നടപടികൾക്ക് വഴിമാറി.
സൈനികമായി ഇസ്രായേലിന് ഹിസ്ബുള്ളയുടെ താവളങ്ങൾ തകർക്കാൻ കഴിഞ്ഞേക്കുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇതൊരു സ്ഥിരമായ അധിനിവേശമായി മാറിയാൽ ഇസ്രായേൽ വലിയ തന്ത്രപരമായ വില നൽകേണ്ടി വരും. അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുന്നതിനൊപ്പം മിഡിൽ ഈസ്റ്റ് വീണ്ടും ഒരിക്കലും അവസാനിക്കാത്ത ഒരു യുദ്ധച്ചുഴിയിലേക്ക് വീഴുകയും ചെയ്യും.
