കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫിനെ സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസ് ഹൈക്കമാൻ്റ് നീക്കം തുടങ്ങി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി പരിഗണിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലങ്ങളിലേക്ക് വിതരണം ചെയ്യുന്നതിൽ കെപിസിസിക്ക് വീഴ്ചയുണ്ടായതായി ഹൈക്കമാൻ്റ് കണ്ടെത്തി. പല മണ്ഡലങ്ങളിലും ഫണ്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രമാണ് എത്തിയതെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
വയനാട് ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ അനവസരത്തിൽ പുറത്തുവിട്ടത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ വിഷയവും ഹൈക്കമാൻ്റിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കൂടാതെ, തിരഞ്ഞെടുപ്പ് സമയത്ത് കെപിസിസി ഓഫീസിൽ സണ്ണി ജോസഫിന്റെ സാന്നിധ്യം ഇല്ലായിരുന്നുവെന്നും ഓഫീസ് നാഥനില്ലാത്ത നിലയിലായിരുന്നുവെന്നും വിമർശനമുണ്ട്.
എന്നാൽ, തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷമേ അന്തിമ നടപടി ഉണ്ടാകുകയുള്ളുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
