നെട്ടയത്ത് സിപിഎം- ബിജെപി സംഘർഷം: 80 പേർക്കെതിരെ കേസ്, പൊലീസിനെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ചെന്ന് ആരോപണം

നെട്ടയത്ത് ഉണ്ടായ ബിജെപി–സിപിഐഎം സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 80 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആയുധങ്ങൾ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതും പൊലീസിന്റെ കൃത്യനിർവഹണത്തിന് തടസം സൃഷ്ടിച്ചതുമടക്കം ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസുകാരെ ആയുധങ്ങളുപയോഗിച്ച് കയ്യേറ്റം ചെയ്തതായും കേസിൽ വ്യക്തമാക്കുന്നു.

ഒരു സിപിഐഎം പ്രവർത്തകൻ ബിജെപി പ്രവർത്തകയ്‌ക്കെതിരെ നഗ്നത പ്രദർശനം നടത്തിയെന്നാരോപണമാണ് സംഘർഷത്തിന് തുടക്കമായത്. തുടക്കത്തിൽ രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രശ്നമായിരുന്ന സംഭവം പിന്നീട് രാഷ്ട്രീയ നിറം നേടി സിപിഐഎം–ബിജെപി ഏറ്റുമുട്ടലായി മാറുകയായിരുന്നു. പൊലീസ് ഇടപെട്ടിട്ടും ആദ്യഘട്ടത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല.

സംഘർഷത്തിനിടെ മാധ്യമപ്രവർത്തകരെയും ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയോട് പ്രതിഷേധക്കാർ അതിക്രമമായി പെരുമാറി. വസ്തുതാപരമായ വാർത്ത നൽകുന്നില്ലെന്നാരോപിച്ച് ബിജെപി പ്രവർത്തകർ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിക്കുകയും തങ്ങളുടെ ഭാഗം മാത്രം റിപ്പോർട്ട് ചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിവരം.

മറുപടി രേഖപ്പെടുത്തുക