പത്തൊൻപതാമത് ഐ.പി.എൽ പതിപ്പിന്റെ ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വീണ്ടും കിരീടം നേടി . നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്തിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആർ.സി.ബി തുടർച്ചയായ രണ്ടാം തവണയും കിരീടമുയർത്തിയത്.
വർഷങ്ങളായുള്ള തങ്ങളുടെ കിരീട വരൾച്ചയ്ക്ക് കഴിഞ്ഞ തവണ വിരാമമിട്ട ബാംഗ്ലൂർ, ഇത്തവണ ആധിപത്യം ആവർത്തിച്ചു. 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർ.സി.ബി, 12 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. ഫൈനലിൽ തകർപ്പൻ സിക്സറോടെ ടീമിനെ വിജയതീരത്തെത്തിച്ച വിരാട് കോഹ്‌ലിയുടെ (75*) ബാറ്റിംഗ് പ്രകടനമാണ് ആർ.സി.ബിയുടെ കിരീടധാരണത്തിന് വഴിയൊരുക്കിയത്.
മത്സരത്തിൽ ടോസ് നേടിയ ആർ.സി.ബി ക്യാപ്റ്റൻ രജത് പട്ടീദാർ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ തന്നെ ആർ.സി.ബിയുടെ അച്ചടക്കമുള്ള ബൗളിംഗിന് മുന്നിൽ ഗുജറാത്ത് ബാറ്റർമാർ കടുത്ത സമ്മർദ്ദത്തിലായി. കഴിഞ്ഞ മത്സരങ്ങളിൽ സെഞ്ച്വറിയോടെ തിളങ്ങിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ വെറും 10 റൺസിനും, ഓപ്പണർ സായ് സുദർശനെ 12 റൺസിനും ആർ.സി.ബി ബൗളർമാർ പുറത്താക്കി. മുൻനിര താരം ജോസ് ബട്ട്‌ലർ 19 റൺസിനും നിഷാന്ത് സിന്ധു 20 റൺസിനും മടങ്ങിയതോടെ ഗുജറാത്ത് തകർച്ചയെ അഭിമുഖീകരിച്ചു.
ഒടുവിൽ വാലറ്റത്ത് ഉറച്ചുനിന്ന് പോരാടിയ വാഷിംഗ്ടൺ സുന്ദറാണ് ഗുജറാത്തിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. 50 റൺസുമായി പുറത്താകാതെ നിന്ന സുന്ദറിന്റെ പ്രകടന മികവിൽ ഗുജറാത്ത് നിശ്ചിത ഓവറിൽ 155 റൺസ് കെട്ടിപ്പടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ആർ.സി.ബിക്ക് ഓപ്പണർമാരായ വെങ്കിടേഷ് അയ്യരും വിരാട് കോഹ്‌ലിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. വെങ്കിടേഷ് അയ്യർ 16 പന്തിൽ 32 റൺസെടുത്ത് പുറത്താകുമ്പോൾ ടീം സ്കോർ 62-ൽ എത്തിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ദേവ്ദത്ത് പടിക്കൽ (1) വേഗത്തിൽ പുറത്തായി.
തുടർന്ന് പന്തെടുത്ത ഗുജറാത്തിന്റെ റാഷിദ് ഖാൻ ഒരേ ഓവറിൽ രജത് പട്ടീദാറിനെയും ക്രുണാൽ പാണ്ഡ്യയെയും പുറത്താക്കി മത്സരത്തിൽ നാടകീയമായ വഴിത്തിരിവ് സൃഷ്ടിച്ചു. ഗുജറാത്ത് തിരിച്ചു വരവ് സ്വപ്നം കണ്ട നിമിഷത്തിൽ, ഒരറ്റത്ത് ‘ചേസ്മാസ്റ്റർ’ വിരാട് കോഹ്‌ലി ക്രീസിലുണ്ടായിരുന്നത് ആർ.സി.ബിക്ക് തുണയായി. ടിം ഡേവിഡിനെ (24) കൂട്ടുപിടിച്ച് കോഹ്‌ലി ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു.
മത്സരത്തിനിടയിൽ നാടകീയമായ മറ്റൊരു സംഭവം കൂടിയുണ്ടായി. ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഡൈവ് ചെയ്ത് വിരാട് കോഹ്‌ലിയുടെ ഒരു മികച്ച ക്യാച്ചെടുത്തു. ഗില്ലും മറ്റ് കളിക്കാരും ഔട്ടാണെന്ന് ഉറപ്പിച്ചു വിശ്വസിച്ചെങ്കിലും, പന്ത് നിലത്ത് തൊട്ടിട്ടുണ്ടെന്ന കാര്യത്തിൽ കോഹ്‌ലിക്ക് ഉറപ്പായിരുന്നു. തീരുമാനം തേടി തേർഡ് അമ്പയർക്ക് വിട്ടപ്പോൾ റീപ്ലേകളിൽ പന്ത് നിലത്ത് തട്ടിയതായി വ്യക്തമാകുകയും അമ്പയർ ‘നോട്ട് ഔട്ട്’ വിധിക്കുകയും ചെയ്തു. ഈ ജീവൻ ലഭിച്ചതോടെ കോഹ്‌ലി കൂടുതൽ ആക്രമണകാരിയായി മാറി.
അവസാന ഓവറുകളിൽ കൂടുതൽ പക്വതയോടെ ബാറ്റ് വീശിയ കോഹ്‌ലി, കളി അവസാനിക്കാൻ രണ്ട് ഓവർ ബാക്കിനിൽക്കെ തകർപ്പൻ സിക്സറോടെ ആർ.സി.ബിയെ വിജയത്തിലെത്തിച്ചു. ഈ ചരിത്ര വിജയത്തോടെ എം.എസ് ധോണി, രോഹിത് ശർമ്മ എന്നിവർക്കൊപ്പം തുടർച്ചയായി രണ്ട് ഐ.പി.എൽ കിരീടങ്ങൾ നേടുന്ന നായകന്മാരുടെ പട്ടികയിലേക്ക് രജത് പട്ടീദാറും തന്റെ പേര് കൂട്ടിച്ചേർത്തു.
